SignIn
Kerala Kaumudi Online
Thursday, 13 November 2025 5.17 PM IST

ഹരിശങ്കറിനെ തേടിയെത്തിയത് ആദ്യ സംസ്ഥാന പുരസ്‌കാരം; പിന്നാലെ അടുത്ത സന്തോഷം; ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം

Increase Font Size Decrease Font Size Print Page

harisankar

55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം തേടിയെത്തിയത് കെ എസ് ഹരിശങ്കറിനെയാണ്. അജയന്റെ രണ്ടാം മോഷണം (എആർഎം) എന്ന ചിത്രത്തിലെ 'കിളിയേ' എന്ന ഗാനത്തിനാണ് അവാർഡ് തേടിയെത്തിയത്. പ്രശസ്ത സംഗീതജ്ഞ ഓമനക്കുട്ടിയുടെ കൊച്ചുമകൻ, എംജി രാധാകൃഷ്ണന്റെയും എംജി ശ്രീകുമാറിന്റെയും സംഗീത കുടുംബത്തിൽ നിന്നെത്തിയ ഹരിശങ്കർ ഇതിനോടകം കാന്താര അടക്കം നിരവധി ഹിറ്റു ചിത്രങ്ങളുടെ ഭാഗമായി.

അവാർഡ് മാത്രമല്ല ഏറെ നാളത്തെ സ്വപ്നമായ ഗായകർക്കായുള്ള സ്റ്റുഡിയോ കൂടി പ്രാവർത്തികമാക്കിയിരിക്കുകയാണ് അദ്ദേഹം. അവാർഡിനെക്കുറിച്ചും സ്റ്റുഡിയോയെക്കുറിച്ചും കേരള കൗമുദി ഓൺലൈനിനോട് മനസുതുറക്കുകയാണ് ഹരിശങ്കർ.

play

അപ്രതീക്ഷിതം

അവാർഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മുമ്പ് പല പാട്ടുകളും ഫൈനലിൽ എത്തിയിരുന്നു. എന്നാൽ ഇത്തവണ ഫൈനലിൽ എത്തിയത് അറിഞ്ഞിരുന്നില്ല. എപ്പോഴാണ് അവാർഡ് പ്രഖ്യാപനമെന്നും അറിഞ്ഞിരുന്നില്ല. അതിനാൽത്തന്നെ വളരെ അപ്രതീക്ഷിതമായിരുന്നു. കിട്ടുമായിരിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷങ്ങൾ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ കിട്ടിയില്ല. ഇത് ആദ്യ സ്റ്റേറ്റ് അവാർഡാണ്. കിട്ടിയപ്പോൾ ഒത്തിരി സന്തോഷം തോന്നി. അവാർഡ് കിട്ടിയപ്പോൾ ടൊവിനോ, എആർഎം സംവിധായകൻ ജിതിൻ ലാൽ, കെ എസ് ചിത്രാമ്മ അങ്ങനെ ഒരുപാടുപേർ വിളിച്ചിരുന്നു.

harisankar

ഇരട്ടിമധുരം

പുരസ്‌കാര നേട്ടം ഹരിശങ്കറിന് ഇരട്ടിമധുരമാണ്. അടുത്തിടെ അമ്മൂമ്മ ഡോ. ഓമനക്കുട്ടിക്ക് പത്മശ്രീ കിട്ടി. പിന്നെ ചേട്ടൻ രാജാകൃഷ്ണന് ദേശീയ പുരസ്‌കാരവും ലഭിച്ചു. ആനിമൽ എന്ന സിനിമയുടെ സൗണ്ട് മിക്സിംഗിനായിരുന്നു രാജേട്ടന്‌‌ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്. കുടുംബത്തെ സംബന്ധിച്ച് ഈ വർഷം ഏറെ സന്തോഷം നിറഞ്ഞതാണ്. ഒരുപാട് പുതിയ കാര്യങ്ങൾ സംഭവിച്ച വർഷമാണിത്. സ്റ്റുഡിയോ തുടങ്ങാൻ സാധിച്ചു. പിന്നെ കാന്താര പോലെയുള്ള പല പ്രൊജക്ടുകളുടെയും ഭാഗമാകാൻ കഴിഞ്ഞു.

harisankar

​കാന്തരയുടെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ഒരാഴ്ചയോളം ക്രൂവിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ഋഷഭ് സാറിനെപ്പോലെ വലിയ വലിയ ആളുകളുടെ കൂടെ സമയം ചെലവഴിക്കാനായി. മൂന്ന് ഭാഷകളിൽ പാടാൻ സാധിച്ചു. പല കലാകാരന്മാരെയും കാണാൻ കഴിഞ്ഞു. വളരെ നല്ല അനുഭവമായിരുന്നു.

സ്വപ്ന സാക്ഷാത്കാരം

തിരുവനന്തപുരം തൈക്കാടാണ് പുതിയ സ്റ്റുഡിയോ അരംഭിച്ചിരിക്കുന്നത്. ഗായകർക്കുവേണ്ടിയുള്ള പ്രാക്ടീസ് ഹാൾ ആണ്. എല്ലാ ഉപകരണങ്ങളുമുള്ള ഒരു സ്റ്റുഡിയോയാണിത്. ജാമിംഗിനായി പുറത്തുനിന്നുള്ള ഗായകർക്ക് വരാം. അവർക്ക് മ്യൂസിക് പ്രൊഡ്യൂസ് ചെയ്യാനും പ്രാക്ടീസ് ചെയ്യാനുമെല്ലാം ഇവിടെ നിന്ന് സാധിക്കും. 'പ്ലേ' എന്നാണ് സ്റ്റുഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്. ദീർഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്. കഴിഞ്ഞ നവംബർ ഒമ്പതിനായിരുന്നു ഉദ്ഘാടനം നടന്നത്. വർക്ക് ചെയ്യണമെന്ന ആഗ്രഹത്തിൽ തുടങ്ങിയതാണ്. എല്ലാവരും വരണം,


സംഗീത കുടുംബം

അച്ഛൻ ആലപ്പുഴ ശ്രീകുമാർ ആണ് ആദ്യ ഗുരു. പിന്നെ അമ്മൂമ്മ ഡോ. ഓമനക്കുട്ടിയും. ഇവർ രണ്ടുപേരുമാണ് പ്രധാന ഗുരുക്കൾ. എന്റെ ആദ്യത്തെ അവാർഡ് ആയതുകൊണ്ട് അമ്മയും അമ്മൂമ്മയും ഭാര്യയുമെല്ലാം ഒരുപാട് സന്തോഷത്തിലാണ്.

കുട്ടിക്കാലത്ത് എംജി രാധാകൃഷ്ണൻ (അപ്പൂപ്പൻ)​ എന്നെ പാട്ടുകൾ പഠിപ്പിച്ചിരുന്നു. ഞാൻ താത്ത എന്നായിരുന്നു വിളിച്ചിരുന്നത്. ആദ്യമായി ഒരു സിനിമയിൽ പാടിപ്പിച്ചതും താത്തയായിരുന്നു. ദാസ് സാറിനൊപ്പം 'സാഫല്യത്തിൽ' ആണത്. ദാസ് സാറിനൊപ്പമുള്ള തുടക്കം ഒരു ഭാഗ്യം തന്നെയാണ്. എനിക്കപ്പോൾ നാല് വയസേയുള്ളൂ. ചെറിയൊരു ഓർമയേയുള്ളൂ. എംജി ശ്രീകുമാർ അപ്പൂപ്പനൊപ്പമായിരുന്നു ആദ്യ റെക്കാർഡിംഗ്. ശബരിമല എന്ന കാസറ്റിലെ കന്നി അയ്യപ്പൻ എന്ന പാട്ടാണ് ആദ്യം റെക്കാർഡ് ചെയ്തത്. 2014ൽ ഔസേപ്പച്ചൻ സാർ സംഗീതം ചെയ്ത കാരണവർ എന്ന ചിത്രത്തിലെ 'കാറ്റേ' എന്ന ഗാനത്തിലൂടെയാണ് വീണ്ടും സിനിമയിലെത്തിയത്.

harisankar

സിനിമ മാത്രമല്ല ഫോക്കസ്

വലിയ പ്ലാനിംഗുകളൊന്നുമില്ല. നല്ല നല്ല പാട്ടുകൾ പാടണം. സിനിമ മാത്രമല്ല ഫോക്കസ് ചെയ്യുന്നത്. ഇൻഡിപെൻഡന്റായ പാട്ടുകളൊക്കെ ചെയ്യണം. ഒരു ഗായകൻ എന്ന നിലയിൽ കുറച്ചുകൂടി വർക്ക് ചെയ്യണം. ഇതുവരെ ചെയ്യാത്ത ജോർണറുകൾ ചെയ്യണമെന്നുണ്ട്. പല ആർട്ടിസ്റ്റുകളുമായി കൊളാബറേറ്റ് ചെയ്യണമെന്നുണ്ട്. പല മ്യൂസിക് ഡയറക്ടർമാരുമായും ജോലി ചെയ്യണമെന്നും ആഗ്രഹമുണ്ട്.

TAGS: SINGER HARISANKAR, INTERVIEW, MOVIENEWS, MUSICIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.