
നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുമ ജയറാം. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോഴിതാ തന്റെ ഭർത്താവിനെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് സുമ ജയറാം.
അറേഞ്ചിഡ് മാര്യേജ് ആയിരുന്നുവെന്നും കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച തന്നെ തങ്ങൾ സെറ്റാകില്ലെന്ന് മനസിലായതായി സുമ ജയറാം വ്യക്തമാക്കി. പ്രണയമൊന്നുമില്ലെങ്കിലും പതിനാല് വർഷമായി മുന്നോട്ടുപോകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
'പതിനാലിന് വർഷത്തിനിടയിൽ ഒരിക്കൽപ്പോലും സ്വന്തം വീട്ടിൽ പോയി നിന്നിട്ടില്ല. അദ്ദേഹം ചില ദിവസം കുടിച്ച് ദേഷ്യപ്പെട്ട് എന്നോട് സംസാരിക്കും. പെട്ടിയെടുത്ത് എന്റെ വീട്ടിലേക്ക് പോകാവുന്നതേയുള്ളൂ, പക്ഷേ അങ്ങനെ പോയിക്കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം പ്രശ്നമാകുമെന്ന് ഞാൻ അദ്ദേഹത്തോട് പറയും. കുറച്ചുനാളത്തേക്ക് എന്റെ ജീവിതവും പ്രശ്നമാകും. ഞാൻ ആഗ്രഹിച്ച ലൈഫ് അതല്ല.
നീ പോയി രണ്ടാമത് വിവാഹം കഴിച്ചോയെന്ന് അദ്ദേഹം പറയും. രണ്ടാമത് കല്യാണം കഴിക്കാൻ ഇനി പോകത്തില്ലെന്ന് ഞാൻ മറുപടി കൊടുക്കും. കല്യാണം എന്താണെന്ന് മനസിലായല്ലോ. ലിവിംഗ് ടുഗദറും വേണ്ട, ചുമ്മാ ഹായ് പറഞ്ഞ് നടക്കാം. പക്ഷേ എത്രനാൾ നടക്കും. ഫാമിലിയാണ് വേണ്ടത്. കുറേ തെറ്റിദ്ധാരണകൾ ഉണ്ട്. ഇല്ലെന്ന് പറയുന്നില്ല. മദ്യപാനം കൺട്രോൾ ചെയ്താൽ കുഴപ്പമില്ല. എല്ലാം അഡ്ജസ്റ്റ്‌മെന്റല്ലേ. എന്റെ മക്കൾക്കുവേണ്ടിയെങ്കിലും ഞാൻ ഹാപ്പിയായിരിക്കണം. ഇപ്പോഴും ഭയങ്കര പ്രശ്നത്തിലാണ് നിൽക്കുന്നത്.
ഞാൻ താമസിക്കുന്ന കോമ്പൗണ്ടിൽ തന്നെ ഒരു നടൻ താമസിക്കുന്നുണ്ട്. അദ്ദേഹം എന്നും നടക്കാൻ പോകും. അദ്ദേഹത്തെ കാണുമ്പോൾ കോലായിലിരിക്കുന്ന എന്റെ ഭർത്താവ് ഹായ് കാണിക്കും. അത്രേയുള്ളൂ, സൗഹൃദമൊന്നുമില്ല. അദ്ദേഹത്തെ കണ്ട് ഞാൻ ഹായ് കാണിച്ച് വേഗം അകത്തേക്ക് വരും. എന്റെ ഭർത്താവ് ഫ്രണ്ട്ലിയായിട്ടുള്ള വ്യക്തിയാണെങ്കിൽ മറ്റുള്ളവരോട് ഫ്രണ്ട്ലിയാകാം. അദ്ദേഹം ഫ്രണ്ട്ലിയല്ല. എപ്പോഴും ഒരു ബൗണ്ടറിയിടും. അദ്ദേഹത്തിന് രണ്ടുമൂന്ന് ഫ്രണ്ട്സുണ്ട്. അത്രമാത്രം. സിനിമ ചെയ്യുന്നെങ്കിൽ ചെയ്‌തോ നിന്റെ ഇഷ്ടമെന്നാണ് ഭർത്താവ് പറയുക.
വിമാനത്താവളത്തിൽവച്ച് മമ്മൂട്ടി സാറിനെ ആര് കണ്ടാലും ഓടിച്ചെന്ന് ഫോട്ടോയെടുക്കും. ഞങ്ങൾ ഇന്റർനാഷണൽ ട്രിപ്പ് പോകുകയായിരുന്നു. കഴിച്ചുകൊണ്ടിരുന്നപ്പോൾ മമ്മൂക്ക കയറിവന്നു. സ്പീഡിൽ വന്ന മമ്മൂട്ടി സാർ എന്നെ കണ്ട് അവിടെ നിന്നു. ഞാൻ ഓടിപ്പോയി സുഖമായിരിക്കുന്നോയെന്നൊക്കെ സംസാരിച്ചു. എന്റെ ഭർത്താവിനെ പരിചയപ്പെടുത്തി. വാ എന്ന് ഭർത്താവിനോട് പറഞ്ഞപ്പോൾ ഞാൻ ഭക്ഷണം കഴിക്കുകയാണെന്നാണ് അദ്ദേഹം മമ്മൂട്ടി സാറിനോട് പറഞ്ഞത്. അപ്പോൾത്തന്നെ ഭർത്താവ് റിസേർവ്ഡാണെന്ന് അദ്ദേഹത്തിന് മനസിലായി.'- സുമ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |