മലയാളത്തിൽ പൃഥ്വിരാജ് നായകനായ അനന്തഭദ്രം ഉൾപ്പടെയുളള അഞ്ചോളം സിനിമകളുടെ രചന നിർവഹിച്ച വ്യക്തിയാണ് സുനിൽ പരമേശ്വരൻ. കാന്തല്ലൂർ സ്വാമി എന്നും അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നുണ്ട്. താനെഴുതിതീർത്ത പല തിരക്കഥകളും സിനിമയാക്കാൻ കഴിയാത്തവയാണെന്നാണ് സുനിൽ പരമേശ്വരൻ ഇപ്പോൾ പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി താനെഴുതിയ കഥകൾ സിനിമയാക്കാൻ പലയാളുകളും സമിപിച്ചിരുന്നുവെന്നും അവയൊന്നും നടക്കാതെ പോയെന്നും സുനിൽ പരമേശ്വരൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ഒരുപാട് ചെറുപ്പക്കാർ കഥയ്ക്കായി എന്നെ സമീപിക്കാറുണ്ട്. മേജർ രവിയുമായി ചേർന്ന് മാടൻ പുലി എന്ന ഒരു ചിത്രം ചെയ്യാൻ പ്ലാനിട്ടിരുന്നു. പണ്ട് പൃഥ്വിരാജിനെ നായകനാക്കി ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു അത്. ആ സിനിമ ഒരിക്കലും നടക്കില്ലെന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു. അത് മുടങ്ങി. പിന്നീടാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്. അതും നടന്നില്ല. പലകാരണങ്ങൾ കൊണ്ടും ആ സിനിമ നടന്നില്ല. പലരും ആ സിനിമ ചെയ്യാനായി എന്നെ സമീപിച്ചു. ഒരിക്കലും ചെയ്യരുതെന്നാണ് ഞാൻ അവരോട് പറഞ്ഞത്.
എന്നിട്ടും ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് മൂന്ന് ലക്ഷം രൂപ അഡ്വാൻസ് തന്നിട്ട് അവർ പോയി. കുറച്ചു ദിവസങ്ങൾക്കുളളിൽത്തന്നെ അവർ തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. അവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപാണ് മണികർണിക എന്ന എന്റെ പുതിയ നോവൽ പ്രസിദ്ധീകരിച്ചത്. നാഗത്തിന്റെ കഥയാണ്. അതിന്റെ തിരക്കഥയും ഞാൻ പൂർത്തിയാക്കി. പലരും അതിനായി എന്നെ സമീപിച്ചു. ഹിമാലയത്തിൽ വച്ചു നടന്ന ഒരു സംഭവമാണത്. ഒരു സ്ഥലത്ത് ഞാൻ പ്രാർത്ഥിക്കുന്ന സമയത്ത് വിഗ്രഹത്തിലുണ്ടായിരുന്ന ഒരു നാഗം പത്തി വിടർത്തുന്നതും അത് എന്നെ പിന്തുടരുന്നതുമാണ് കഥ.
മണികർണികയുടെ അവസാനത്തെ സീനെഴുതിക്കൊണ്ടിരുന്നപ്പോൾ എന്റെ വീടിനുളളിൽ ഒരു പാമ്പ് കയറി. അപ്പോൾത്തന്നെ വാവ സുരേഷിനെ വിളിച്ചു. അദ്ദേഹം വീട്ടിലെത്തി. ആ പാമ്പിനെ പിടിക്കില്ലെന്നാണ് വാവ സുരേഷ് അന്ന് പറഞ്ഞത്. അതിനുളള കാരണവും എനിക്കറിയാമായിരുന്നു. പാമ്പിനെ പിടിക്കാതെ വാവ സുരേഷ് പോയി. മമ്മൂട്ടിയുടെ ഭ്രമയുഗം സിനിമ കണ്ടയുടൻ തന്നെ അദ്ദേഹത്തിന്റെ സഹോദരൻ ഇബ്രാഹീം കുട്ടിയുടെ സുഹൃത്തിന് ഞാൻ ഒരു സന്ദേശം അയച്ചിരുന്നു. മമ്മൂട്ടി രോഗാവസ്ഥയിലാകും, ഇത് അപകടമാണെന്നായിരുന്നു എന്റെ സന്ദേശം'- സുനിൽ പരമേശ്വരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |