മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായ നടനാണ് മുകുന്ദൻ. മമ്മൂട്ടി നിർമിച്ച ജ്വാലയായ് സീരിയലിൽ നായകനായിട്ട് അദ്ദേഹം അഭിനയിച്ചിരുന്നു. ആ വേളയിൽ തന്നെക്കുറിച്ച് മെഗാസ്റ്റാർ പറഞ്ഞ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് മുകുന്ദൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജ്വാലയായ് തുടങ്ങുന്നതിന് മുമ്പ് ചെറിയൊരു ഫംഗ്ഷനുണ്ടായിരുന്നു. വേണുച്ചേട്ടനൊക്കെ ഉണ്ടായിരുന്നു. എല്ലാവരെക്കുറിച്ചും പറഞ്ഞു. അവസാനം അതിലെ ഹീറോ ക്യാരക്ടർ ചെയ്യുന്ന എന്നെക്കുറിച്ചും മമ്മൂക്ക പറഞ്ഞു. മുകുന്ദനെക്കുറിച്ച് ഞാൻ എന്താ പറയേണ്ടത്, മിനിസ്‌ക്രീനിലെ മോഹൻലാൽ അല്ലെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മഹാനടനുമായി ചേർത്ത് നമ്മുടെ പേര് പറയുകയെന്നത് നമുക്ക് കിട്ടുന്ന വലിയൊരു അംഗീകാരമല്ലേ. ഏതെങ്കിലുമൊരാളല്ലല്ലോ പറയുന്നത്. സാക്ഷാൽ മമ്മൂക്കയല്ലേ. അന്ന് ഡിജിറ്റൽ മീഡിയയൊന്നുമില്ലാത്തതുകൊണ്ട് രേഖപ്പെടുത്തിവയ്ക്കാനായില്ല.
ഒരു മഹാനടന്റെ പേര് നമ്മളെ ചേർത്തുപറയുമ്പോൾ വലിയ സന്തോഷമുണ്ട്. അതേസമയം അത് നമുക്ക് അർഹതപ്പെട്ടതാണോയെന്നത് നമ്മളാണ് തെളിയിക്കേണ്ടത്. ഇരുപത്തിയഞ്ച് വർഷം മുമ്പ് പറഞ്ഞതാണ്.
മലയാള സിനിമ കണ്ട വലിയ നടനെ ലഭിക്കാൻ താൻ നിമിത്തമായെന്നും അദ്ദേഹം പറയുന്നു. 'മിഖായലിന്റെ സന്തതികൾ ആ സമയത്ത് ആളുകളിൽ ചലനമുണ്ടാക്കിയ പ്രൊജക്ടാണ്. ഞാൻ അന്ന് അനന്തപുരി ഓഡിറ്റോറിയത്തിൽ താമസിക്കുന്ന സമയമാണ്. എല്ലാ വീക്കെൻഡിലും നാഗർകോവിലുള്ള സഹോദരന്റെ അടുത്തേക്ക് പോകും. ഞാൻ വെള്ളിയാഴ്ചയാണ് പോയത്. അന്ന് മൊബൈൽ ഫോണൊന്നുമില്ല. ജൂഡ് അന്ന് ലോഡ്ജിലേക്ക് വിളിച്ചു. അവിടത്തെ വാച്ചർ ഫോണെടുത്ത് പുറത്തുപോയിരിക്കുകയാണെന്നാണ് പറഞ്ഞത്. നാഗർകോവിലിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ പിന്നീട് വിളിച്ചേനെ. ഞാൻ തിരിച്ചുവന്നപ്പോൾ ഒരു ഡയറക്ടർ വിളിച്ചിരുന്നെന്നും എനിക്കയാളുടെ പേര് കിട്ടുന്നില്ലെന്നും പറഞ്ഞു.
കുറേക്കാലത്തിന് ശേഷം മധുപാലാണ് ഇക്കാര്യം പറയുന്നത്. അപ്പോഴേക്ക് കാസ്റ്റിംഗ് കഴിഞ്ഞിരുന്നു. ഈ വേഷം എനിക്ക് ചെയ്യാൻ പറ്റിയില്ലെന്ന വിഷമം അപ്പോഴുണ്ടായിരുന്നെങ്കിലും ഞാൻ നിമിത്തം മലയാള സിനിമ കണ്ട വലിയ നടനെ നമുക്ക് ലഭിച്ചു. അദ്ദേഹമാണ് ബിജു മേനോൻ. മിഖായലിന്റെ സന്തതികളിൽ ഞാൻ അഭിനയിച്ചിരുന്നെങ്കിൽ അദ്ദേഹം വേറെ രീതിയിലായിരിക്കാം വരാം. ഇത് സന്തോഷമുള്ള നിമിത്തമായി.'- മുകുന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |