ഈ നിമിഷം വരെ മക്കളുടെ സിനിമയുടെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് മല്ലിക സുകുമാരൻ. ഏതൊക്കെ പടങ്ങളാണ് ചെയ്യുന്നതെന്നൊക്കെ തനിക്കറിയാമെന്നും അവർ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
'മമ്മൂട്ടിയെവച്ച് രാജു പടം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. മമ്മൂട്ടിക്ക് പറ്റിയ ഒന്ന് രണ്ട് കഥകൾ അവന്റെ കൈയിൽ ഉണ്ടെന്ന് തോന്നുന്നു. അമ്മേ എന്തായാലും ഞാൻ ചെയ്യുമെന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ കുടുംബപരമായി എല്ലാവരും ബഹുമാനിക്കുന്നയാളാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് കണകുണാ എന്നുള്ള വാചകവും കുറേപ്പേരെ കൊണ്ടുനടന്നിക്കുന്നതൊന്നും മമ്മൂട്ടിയുടെ രീതിയല്ല. അത് വേറൊരു സ്‌റ്റൈലാണ്. ഫാഷന്റെ കാര്യത്തിൽ രാജു മമ്മൂട്ടിയെയാണ് റോൾമോഡലാക്കിവച്ചിരിക്കുന്നതെന്ന് തോന്നുന്നു.
മമ്മൂക്കയെപ്പോലെയിരിക്കണമെന്ന് എപ്പോഴും പറയും. ലാലുവിനോട് (മോഹൻലാൽ) പറയുന്നത്ര സ്വാതന്ത്ര്യം എനിക്ക് മമ്മൂട്ടിയുമായി ഇല്ല. എന്നാലും ബഹുമാനമാണ്. ഞാൻ ഇന്നുവരെ ഗുഡ് മോണിംഗ് മമ്മൂട്ടിയെന്ന് പറഞ്ഞ് വിളിച്ചിട്ടില്ല. സുകുവേട്ടനുമായുള്ള മമ്മൂട്ടിയുടെ സുഹൃത്ത് ബന്ധം അടുത്തുനിന്ന് കണ്ടയൊരാളാണ് ഞാൻ. മമ്മൂട്ടിയെ ആരെങ്കിലും പറഞ്ഞാൽ എതിർക്കുന്നയാളായിരുന്നു സുകുവേട്ടൻ. മമ്മൂട്ടി ശുദ്ധനാണെന്ന് എപ്പോഴും പറയും. സുകുവേട്ടൻ അധികമാരെക്കുറിച്ചും അങ്ങനെ പറഞ്ഞിട്ടില്ല. സുകുവേട്ടൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.
എവിടെയാണോ സംസാരിക്കേണ്ടത് അവിടെ മാത്രമേ മമ്മൂട്ടി സംസാരിക്കുകയുള്ളൂ. അനവസരത്തിൽ സംസാരിക്കില്ല. ടർബോയിൽ എനിക്ക് നല്ലൊരു വേഷം കിട്ടിയതായിരുന്നു. അസുഖമായതിനാലാണ് ചെയ്യാതിരുന്നത്. എനിക്ക് തോന്നുന്നു ബിന്ദുവാണ് ആ വേഷം ചെയ്‌തതെന്ന്.'- മല്ലിക സുകുമാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |