താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ് നടൻ ദേവൻ. ഇതുമായി ബന്ധപ്പെട്ട് നടൻ നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടിയെ ആക്രമിച്ച കേസിന് പിന്നാലെ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചാണ് ദേവൻ ഒരു യൂട്യൂബ് ചാനലിനോട് മനസുതുറന്നിരിക്കുന്നത്.
'ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയത് മോശമായിപ്പോയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നു. എനിക്കതിനോട് യോജിപ്പില്ല. ആ അംഗത്തെ നമുക്ക് സസ്‌പെൻഡ് ചെയ്യാം. അദ്ദേഹം കേസിന് പോയിക്കോട്ടേ, എന്നിട്ട് തീരുമാനമെടുക്കണമായിരുന്നു. ദിലീപിന് പറയാനുള്ളത് നമ്മൾ കേട്ടില്ല. കമ്മിറ്റി അത് കേൾക്കണമായിരുന്നു. സാമൂഹിക നീതിയാണ് അത്. അമ്മയ്ക്ക് അന്ന് അത് ചെയ്യാനായില്ല. അത് ഭയങ്കര തെറ്റായിട്ടാണ് ഇന്നും തോന്നുന്നത്.
പക്ഷേ അന്ന് ഭയങ്കരമായ സമ്മർദമുണ്ടായിരുന്നു. അമ്മയിൽ നടക്കുന്ന കാര്യങ്ങളിൽ ഒരു തരത്തിലും ഇടപെടാൻ പാടില്ലാത്ത രാഷ്ട്രീയ പാർട്ടികൾ വരെ അന്ന് മമ്മൂട്ടിയുടെ വീടിന് മുന്നിൽവന്ന് സമരം ചെയ്തു. മമ്മൂട്ടിയുടെ വീട്ടുമുറ്റത്ത് റീത്ത് വയ്ക്കാൻ വേണ്ടി പല പാർട്ടികളും വന്നു. അമ്മയുടെ മീറ്റിംഗ് മമ്മൂട്ടിയുടെ വീട്ടിൽ നടക്കുന്ന സമയത്തായിരുന്നു. നമുക്കൊക്കെ വലിയ വിഷമമായിപ്പോയി.
എല്ലാ രാഷ്ട്രീയപാർട്ടികളും വന്ന് ബഹളങ്ങളും മുദ്രാവാക്യങ്ങളുമെല്ലാമുണ്ടായി. ആർട്ടിസ്റ്റുകൾ വളരെ സോഫ്റ്റാണ്. സെൻസിറ്റീവുമാണ്. ഞങ്ങളൊക്കെ ഇരിക്കുകയാണ്. മോഹൻലാലുമുണ്ട്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുഖം കണ്ടപ്പോൾ എനിക്ക് ഭയങ്കര വേദന തോന്നി. നിസായമായി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്നു. സസ്‌പെൻഡ് ചെയാതാൽപ്പോരേയെന്ന് മോഹൻലാലും മമ്മൂട്ടിയും ചോദിക്കുന്നുണ്ട്. പക്ഷേ അതിൽ ചിലർ പറ്റില്ലെന്ന് പറഞ്ഞു. ആ സമ്മർദത്തിന്റെ ഫലമായിട്ടാണ് ദിലീപിനെ പുറത്താക്കിയത്. ദിലീപ് നിയമപരമായി നേരിട്ടിരുന്നെങ്കിൽ അമ്മ വലിയ പ്രശ്നത്തിലേക്ക് പോകുമായിരുന്നു. അമ്മയോടുള്ള ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും പേരിലാണ് ദിലീപ് അങ്ങനെ പോകാത്തതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.'- ദേവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |