ഭരതം സിനിമയിൽ മോഹൻലാലിനും മുരളിക്കുമൊപ്പമുള്ള രസകരമായ ഒരു അനുഭവം പങ്കുവയ‌്ക്കുകയാണ് നടി ഉർവശി. സെറ്റിൽ വളരെ സീരിയസായിട്ടുള്ള ആളാണ് മുരളി. എന്നാൽ അദ്ദേഹത്തോട് വളരെ സ്വാതന്ത്ര്യവും സ്നേഹവും താൻ പുലർത്തിയിരുന്നുവെന്ന് ഉർവശി ഓർത്തു. സിനിമയുടെ ലൊക്കേഷനിൽ മുരളിയിൽ നിന്ന് തല്ല് വാങ്ങിയ സംഭവമാണ് ഉർവശി പറയുന്നത്.
ഉർവശിയുടെ വാക്കുകൾ-
''മുരളിച്ചേട്ടനെ ഞാൻ കൊച്ചാട്ടാ എന്നാണ് വിളിക്കുന്നത്. ആ സ്വാതന്ത്ര്യവും അധികാരവും എപ്പോഴും എടുത്തിരുന്നു മുരളിച്ചേട്ടൻ. ഭരതത്തിന്റെ ഷൂട്ടിംഗിനിടയ‌്ക്ക് എന്റെ ഹോബി ഇങ്ങനെ എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നതാണ്. കുറേയാകുമ്പോൾ മുരളിച്ചേട്ടൻ പറയും, മോളേ...മതി ഇനി മിണ്ടാതിരിക്ക്. ലാലേട്ടനൊക്കെ കൂടെക്കാണും. ഞാൻ അപ്പോൾ എണീറ്റ് മാറിയിട്ട് മുരളി എന്ന് വിളിച്ച് ഒരു ഗ്യാപ്പ് ഇട്ടിട്ട് കൊച്ചേട്ടാ...എന്ന് ചേർക്കും. പല ദിവസങ്ങളിലും ഇത് തമാശയായിട്ട് പോയി. ചിലപ്പോഴൊക്കെ മുരളിച്ചേട്ടൻ പറയും, ഞാൻ അങ്ങോട്ട് എണീറ്റ് വന്നാൽ അടി കിട്ടും. പുള്ളി അടിക്കുമെന്ന് പറഞ്ഞാൽ അടിക്കും. അതിന് ആണെന്നോ പെണ്ണെന്നോ വേർതിരിവ് ഇല്ല.
എന്നെ അടിക്കത്തില്ല എന്ന വിശ്വാസത്തിലായിരുന്നു ഞാൻ. ഭരതത്തിന്റെ ലൊക്കേഷനിൽ ഒരുദിവസം ടാ മുരളി.....കൊച്ചേട്ടാ എന്ന് വിളിച്ചിട്ട് ഞാൻ ഓടി. പിന്നെ ഞാൻ കാണുന്നത് ഇപ്പറത്തൂടെ ഓടി വന്ന് എന്റെ മുന്നിൽ നിൽക്കുന്നതാണ്. ഭയങ്കര ദേഷ്യത്തിലായിരുന്നു മുരളിച്ചേട്ടൻ. തമാശയ‌്ക്ക് വിളിച്ചതാണെന്നൊക്കെ ഞാൻ പറഞ്ഞു.
നിന്നോട് ഞാൻ എത്രപ്രാവശ്യം പറഞ്ഞു. പ്രായത്തിന് മൂത്തവരെയെല്ലാെം പേര് വിളിക്കുന്നുണ്ട് നീ ഇവിടെ. മേലിൽ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞ് കൈവിരൽ കൊണ്ട് എന്റെ കൈയ്യക്കിട്ട് ഒരടി വച്ചു തന്നു. എനിക്ക് നൊന്തില്ലെങ്കിലും അത് ചുവന്ന് തടിച്ചു.
കുറച്ചു കഴിഞ്ഞ് ലാലേട്ടനുമായുള്ള സീനിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സീരിയസ് സീൻ ആണ്. മിണ്ടാതിരിക്ക് കൊച്ചേ എന്ന് ലാലേട്ടൻ പറഞ്ഞു. ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ടാ ഞാൻ ഒരടി കൊടുത്തതെന്ന് മുരളിച്ചേട്ടൻ. അപ്പോഴാണ് ലാലേട്ടൻ അടിയുടെ പാട് കണ്ടത്. ഞാൻ ലാലേട്ടനോട് പരാതി പറഞ്ഞു.
ലാലേട്ടൻ സീരിയസായി. എന്നാലും നിങ്ങൾ എന്താ ചെയ‌്തേ...മോശമായി പോയി എന്ന് മുരളിച്ചേട്ടനോട് പറഞ്ഞു. അങ്ങനെ ചെയ്യാൻ പാടുണ്ടോ? പെൺകുട്ടികളല്ലേ? അതെന്തെങ്കിലുമൊക്കെ കളി പറഞ്ഞുനടക്കും. നമ്മൾ അത് കാര്യമായിട്ടെടുക്കാൻ പാടുണ്ടോ? എന്ന് ലാലേട്ടൻ മുരളിച്ചേട്ടനോട് ചോദിച്ചു. എന്റെ കൈ നോക്കിയപ്പോഴാണ് മുരളിച്ചേട്ടനും കാര്യം മനസിലായത്. അന്ന് മുഴുവൻ ഞാൻ പാവത്തിനെ പോലെ ഇരുന്നു.''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |