
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പാമ്പുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കാലാവസ്ഥയും വനവുമെല്ലാം പാമ്പിന് ജീവിക്കാൻ അനുകൂലമായതാണ് ഇതിന് കാരണം. പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ജനങ്ങൾക്ക് ബോധവത്കരണം നൽകുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ പ്രദേശത്ത് ഏതൊക്കെ ജീവിവർഗങ്ങളെയാണ് കണ്ടുവരുന്നത്, ഏതൊക്കെ പാമ്പുകൾക്ക് വിഷമുണ്ട്, വിഷമില്ലാത്തവ ഏതൊക്കെയെന്നൊക്കെ തിരിച്ചറിഞ്ഞാൽ ഒരു പരിധിവരെ ഇവയിൽ നിന്ന് അകലം പാലിക്കാൻ സഹായകമാകും.
ചേരയെയോ നീർക്കോലിയേയോ ഒക്കെ കാണുമ്പോൾ തല്ലിക്കൊല്ലുന്നവർ ഉണ്ട്. എന്നാൽ ഇതേലാഘവത്തോടെ ഉഗ്രവിഷമുള്ള അണലിയുടെ അടുത്ത് ചെന്നാൽ കടിയേൽക്കാൻ സാദ്ധ്യതയേറെയാണ്. 360 ഡിഗ്രിവരെ തിരിഞ്ഞ് കടിക്കുമെന്ന പ്രത്യേകതകളൊക്കെ ഇവയ്ക്കുണ്ട്. അതിനാൽത്തന്നെ പാമ്പു പിടിത്തക്കാർ പോലും വളരെ ശ്രദ്ധയോടെയാണ് ഇവയെ കൈകാര്യം ചെയ്യാറ്. ഓരോ പാമ്പിന്റെയും പ്രത്യേകതയെപ്പറ്റി ജനങ്ങൾ അറിഞ്ഞിരിക്കണം.
ആന്റിവെനത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുകയാണ് മറ്റൊരു കാര്യം. എല്ലാ ആശുപത്രിയിലും ആന്റിവെനം ഇല്ല. ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് കടിയേറ്റാൽ വളരെ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ചികിത്സ കിട്ടാൻ സമയം വൈകുന്തോറും മരണം സംഭവിക്കാനുള്ള സാദ്ധ്യതയും കൂടുന്നു. അതിനാൽത്തന്നെ ഗ്രാമപ്രദേശങ്ങളിലെ ആശുപത്രിയിലടക്കം ആന്റിവെനം ലഭ്യമാക്കുക. പാമ്പ് കടിയേറ്റയാൾക്ക് ഇത് എങ്ങനെ നൽകണമെന്നും പരിശീലിപ്പിക്കുക.
കൃഷിയിടത്തിലും മറ്റും പാമ്പുകൾ പതിയിരിക്കാൻ സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽത്തന്നെ കൃഷിയിടത്തിലും പുല്ല് കൂടുതലുള്ള സ്ഥലങ്ങളിലും ഇറങ്ങുമ്പോൾ പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന, മുട്ടിന് മുകളിൽവരെ സംരക്ഷണമൊരുക്കുന്ന പാദരക്ഷകൾ ധരിക്കുക. പാമ്പിനെ ചവിട്ടിപ്പോയാലും ശരീരത്തിൽ കടിയേൽക്കാതിരിക്കാൻ ഇത് സഹായിക്കും. കൈയിൽ നീളമുള്ളൊരു വടി കരുതണം. പുല്ലുകൾക്ക് സമീപം നടക്കുമ്പോൾ ആദ്യം ആ വടികൊണ്ട് പുല്ല് ഒന്നിളക്കി നോക്കണം. ഇങ്ങനെ ചെയ്താൽ ഒരു പരിധിവരെ പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെടാം.
വീടുകൾക്ക് സമീപമുള്ള ഉയരമുള്ള പുല്ല് വെട്ടിമാറ്റണം. പൊതുവെ ഒളിച്ചിരിക്കാൻ താത്പര്യപ്പെടുന്നവയാണ് പാമ്പുകൾ. ഇരയാണെന്ന് കരുതിയോ ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിലോ ആണ് അവ മനുഷ്യരെ ആക്രമിക്കുന്നത്. വീടുകൾക്ക് സമീപമുള്ള ഉയരമുള്ള പുല്ല് ഉണ്ടെങ്കിൽ പാമ്പുകൾ അതിനടിയിൽ വന്നിരിക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇതിൽ ചവിട്ടുമ്പോൾ കടിയേൽക്കുകയും ചെയ്യും. അതിനാൽക്കന്നെ വീടിന് സമീപമുള്ള കാടുകളും പുല്ലുകളുമൊക്കെ നീക്കം ചെയ്യുക. കൂട്ടിയിട്ടിരിക്കുന്ന വിറകും മാലിന്യവും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. കൊതുക് വലകളോ കിടക്കകളോ ഇല്ലാതെ തറയിൽ ഉറങ്ങുന്നത് ഒഴിവാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |