
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ അറസ്റ്റിലായതിനെത്തുടർന്ന് പ്രതിരോധത്തിലായ സി.പി.എമ്മിന് തലവേദനയായി കണ്ണൂരിൽ പി. ഹരീന്ദ്രനും പാലക്കാട് പി.കെ ശശിയും. പാലത്തായി പീഡനക്കേസ് വിധിയുമായി ബന്ധപ്പെടുത്തി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ നടത്തിയ പരാമർശമാണ് കണ്ണൂരിൽ വിവാദമായത്. പി.കെ ശശിയെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കളുടെ വിമത പ്രവർത്തനങ്ങളാണ് പാലക്കാട് തിരിച്ചടിയാകുന്നത്. ഈ വിഷയങ്ങളെല്ലാം പത്തനംതിട്ടയിൽ ഇന്നു ചേരുന്ന നേതൃയോഗത്തിൽ ചർച്ചയാകും.
പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പത്മകുമാറിനെതിരെ കടുത്ത നടപടി എടുക്കണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.
മുൻ ബി.ജെ.പി നേതാവും അദ്ധ്യാപകനുമായിരുന്ന കെ. പത്മരാജൻ ശിക്ഷിക്കപ്പെട്ട പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട്, 'പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിമാണ്. അതുമാത്രമാണ് എസ്.ഡി.പി.ഐയുടെയും മുസ്ലീം ലീഗിന്റെയും ചിന്ത. ഇത് വർഗീയതയാണ്'. - എന്ന കണ്ണൂർ സി.പി.എം സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രന്റെ പരാമർശമാണ് പാർട്ടിയെ വെട്ടിലാക്കിയത്. ഉസ്താദുമാർ പ്രതികളായ കേസുകളിൽ ഒരു വിവാദവും ഇല്ലെന്നുകൂടി പറഞ്ഞതോടെ ഹിന്ദു ഐക്യവേദി നേതാക്കൾ പിന്തുണച്ചു.അതോടെ രാഷ്ട്രീയ വിവാദമായി. കണ്ണൂരിലെ സി.പി.എം- ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന ആരോപണം യു.ഡി.എഫ് ഉയർത്തി. മൗനം പാലിക്കാനാണ് സി.പി.എം നിർദേശം.
സാമ്പത്തിക ആരോപണത്തെത്തുടർന്ന് ജില്ലാ കമ്മിറ്റിയിൽ നിന്നു ബ്രാഞ്ചിലേക്ക് താഴ്ത്തപ്പെട്ട മുൻ എം.എൽ.എ പി.കെ ശശിയെ അനുകൂലിക്കുന്ന ഒരു വിഭാഗം മണ്ണാർക്കാട് പരസ്യമായി പോരിനിറങ്ങിയിരിക്കുകയാണ്. മണ്ണാർക്കാട് നഗരസഭയിൽ പത്തു സീറ്റുകളിലാണ് വിമതർ മത്സരിക്കുന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ കമ്മിറ്റി അംഗം വരെ രംഗത്തുണ്ട്.
ലണ്ടനിൽ മാർക്സിന്റെ ശവകുടീരത്തിനു സമീപത്തു നിൽക്കുന്ന ചിത്രത്തിനൊപ്പം ശശി കുറിച്ചത് പാർട്ടിയിൽ ചർച്ചയായിരുന്നു. സ്പിരിറ്റും കള്ളും കൂടിച്ചേരുമ്പോഴുള്ള രസതന്ത്രം മാത്രം അറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ രസതന്ത്രം അറിയില്ലെന്നായിരുന്നു പരാമർശം. പാലക്കാട് മീനാക്ഷിപുരത്ത് സ്പിരിറ്റ് ശേഖരം പിടിച്ച കേസിൽ അറസ്റ്റിലായ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു ജില്ലാ നേതൃത്വവുമായി ബന്ധമുണ്ടെന്ന കോൺഗ്രസ് ആരോപണത്തിനു പിന്നാലെയായിരുന്നു ശശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |