
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രിക സമ്മർദ്ദത്തിനും അച്ചടക്ക നടപടി ഭീഷണിക്കും വഴങ്ങാതെ മുന്നണികളെ വെട്ടിലാക്കി വിമതപ്പട. മൂന്ന് മുന്നണികളുടെയും വിജയ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ് പലയിടത്തും വിമതരുടെ പോരാട്ടം.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം നഗരസഭയിൽ യു.ഡി.എഫിന് ഏഴിടത്തും, എൽ.ഡി.എഫിന് അഞ്ചിടത്തും വിമത ശല്യമുണ്ട്. ഉളളൂർ, ചെമ്പഴന്തി, വാഴോട്ടുകോണം,കാച്ചാണി, വിഴിഞ്ഞം വാർഡുകളിലാണ് സി.പി.എമ്മിന് വിമത ഭീഷണി. ഉള്ളൂർ, ആറ്റിപ്ര, പൗണ്ട്കടവ്, വിഴിഞ്ഞം, പുഞ്ചക്കരി, കഴക്കൂട്ടം, മണ്ണന്തല വാർഡുകളിൽ യു.ഡി.എഫ് വിമതരും . പൗണ്ട്കടവിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് പ്രാദേശിക നേതാവ് മത്സരിക്കുന്നു. വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പിലാറ്റികളിലും യു.ഡി.എഫിനും എൻ.ഡി.എക്കുമെതിരെ വിമതരുണ്ട്.
□കൊല്ലം കുണ്ടറ കൊറ്റങ്കര, ഇളമ്പള്ളൂർ, പേരയം പഞ്ചായത്ത് വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾക്കെതിരെ സി.പി.ഐ വിമതർ. ഇരുപാർട്ടികളിലെയും ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് രംഗത്ത്.
□ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിനെതിരെ നാല് വിമതരുണ്ട്. നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയിൽ വേറെ ആറ് പേർ പിന്മാറി.
□കൊച്ചി നഗരസഭയിൽ മുൻ ഡെപ്യുട്ടി മേയർ പ്രേംകുമാർ ഉൾപ്പെടെ പത്ത് വിമതർ മത്സരിക്കുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. അഞ്ച് വിമതരാണ് തൃക്കാക്കരയിൽ. സി.പി.എമ്മിൽ പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് സ്വതന്ത്രനായി മത്സരിക്കും. ആറ് തവണ കോർപ്പറേഷൻ കൗൺസിലറായിരുന്ന ശ്യാമള എസ്. പ്രഭു ബി.ജെ.പി
വിമതയാണ്
□പാലക്കാട്ട് മണ്ണൂർ ഗ്രാമപഞ്ചായത്തിൽ അഞ്ച് സീറ്റിലാണ് സി.പി.ഐ, സി.പി.എമ്മിനെതിരെ മത്സരിക്കുന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിൽ ഏഴ് വാർഡുകളിൽ യു.ഡി.എഫിനൊപ്പം ചേർന്നാണ് സി.പി.എം വിമതരുടെ വെല്ലുവിളി. മണ്ണാർക്കാട് നഗരസഭയിൽ 10 സീറ്റുകളിലും ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിലും സി.പി.എം വിമതരുണ്ട്
□കോഴിക്കോട് ഫറോക് നഗരസഭ ആറാം വാർഡിൽ യു.ഡി.എഫിന്റെ വിമത ഭീഷണി ഒഴിഞ്ഞു. താമരശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്.
□തൃശൂർ കോർപ്പറേഷനിൽ ആറിടത്താണ് യു.ഡി.എഫിന് വിമത ഭീഷണി. സി.പി.എം സ്ഥാനാർത്ഥികൾക്കെതിരെ നാലിടത്ത് വിമതരുണ്ട്. ബി.ജെ.പിക്ക് ഒരു വിമതനും. കോട്ടപ്പുറത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുന്നത് സി.പി.എം ചക്കാമുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം. തൃശൂർ നഗരസഭയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്കെതിരെ വിമതനായി ബി.ജെ.പി പ്രവർത്തകനും.
□വയനാട്ടിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചത് യു.ഡി.എഫിന് ആശ്വാസമായി
□കണ്ണൂരിൽ പയ്യന്നൂർ നഗരസഭയിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ്
വിമത വേഷത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |