കോട്ടയം : പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധയും സാമൂഹിക പ്രവർത്തകയുമായ മേരി റോയ് (89) അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പരേതനായ രാജീബ് റോയിയാണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.
1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് മേരി ഏറെ ശ്രദ്ധേയയായത്. പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് മേരിയുടെ പോരാട്ടം വഴിയൊരുക്കുകയായിരുന്നു. 1986-ലാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവം നടത്തിയത്.കോട്ടയത്ത് പ്രവർത്തിക്കുന്ന പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയും മേരിയാണ്. സാമ്പ്രാദായിക മാതൃകകളെ പിന്തുടരാത്ത സ്‌കൂൾ അന്തരീക്ഷവും പഠനസമ്പ്രദായവുമാണ് പള്ളിക്കൂടത്തിലൂടെ മേരി നടപ്പാക്കിയത്.
കോട്ടയത്തെ ആദ്യ സ്കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ മകളുമായി 1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. കൊൽക്കത്തയിലെ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് വിവാഹം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |