നീലേശ്വരം:മുൻ ഹോസ്ദുർഗ് എം.എൽ.എയും സി.പി.ഐ നേതാവുമായ എം.നാരായണൻ (73) അന്തരിച്ചു.അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 1991 മുതൽ 2001 വരെ സംവരണ മണ്ഡലമായ ഹോസ്ദുർഗിനെ പ്രതിനിധീകരിച്ചു.
18 വർഷം പോസ്റ്റുമാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ജോലി രാജി വച്ചാണ് 1991ൽ മത്സരത്തിനിറങ്ങിയത്. ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി,ജില്ലാ കൗൺസിൽ അംഗം, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇളയ സഹോദരൻ എം.കുമാരനാണ് എം.നാരായണന് ശേഷം ഒരു തവണ ഹോസ്ദുർഗ് മണ്ഡലത്തെ പ്രതിനിധികരിച്ചത്.
പരേതരായ മാവുവളപ്പിൽ ചന്തന്റെയും വെള്ളച്ചിയുടേയും മകനാണ്. ഭാര്യ: കെ.എം.സരോജിനി (റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരി) മക്കൾ: എൻ ഷീന (ഹെൽത്ത് ഇൻസ്‌പെക്ടർ, കാസർകോട് നഗരസഭ), ഷിംജിത്ത് ( ഫോക്ലോർ പരിശീലകൻ, നാടൻപാട്ട് തെയ്യം കലാകാരൻ), ഷീബ. മരുമക്കൾ: സുരേഷ്, രജനി (കയ്യൂർ, പാലോത്ത്), ഗോപാലൻ.
എം.നാരായണന്റെ നിര്യാണത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ സമിതിയംഗം പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |