തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകരാറിനെ തുടർന്ന് ഇറക്കിയ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടീഷ് സംഘത്തെ എത്തിച്ച വിമാനം മടങ്ങി. വൈകിട്ട് നാലരയോടെയാണ് മിലിട്ടറി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റായ എയർബസ് 400 ടേക്കോഫ് ചെയ്തത്. വിമാനത്തിൽ എത്തിയ 14 അംഗ സംഘം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഹോട്ടലിലേക്ക് തിരിച്ചു. ഇവർ ഹോട്ടലിൽ കുറച്ച് സമയം വിശ്രമിച്ചതിന് ശേഷം ഹാംഗർ റൂമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ഒമാനിൽ നിന്നായിരുന്നു വിമാനം രാവിലെ തിരുവനന്തപുരത്ത് എത്തിയത്. മടക്ക യാത്രയും ഒമാനിലേക്ക് തന്നെയായിരിക്കുമെന്നാണ് സൂചന.
വിദഗ്ദ സംഘം തിരുവനന്തപുരത്തെത്തിയതിന് പിന്നാലെ യുദ്ധവിമാനം എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയിരുന്നു. എയർ ഇന്ത്യയുടെ മെയിന്റൻസ് ഹാൻഡിലിലായിരുന്നു എഫ് 35 ഇത്രയും ദിവസമുണ്ടായിരുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കിമാറ്റി വിമാനത്തിൽ തിരികെകൊണ്ടുപോകുമെന്നാണ് വിവരം.
വിമാനം എയർലിഫ്റ്റിംഗ് നടത്തുകയാണെങ്കിൽ വിമാനത്താവളത്തിലെ പാർക്കിംഗ്, ഹാൻഡ്ലിംഗ്, ലാൻഡിംഗ് ഫീസുകൾ ബ്രിട്ടീഷ് സേന അടയ്ക്കും. വിമാനത്തിന് ഗുരുതര ഹൈഡ്രോളിക് തകരാറാണെന്നാണ് സൂചന. 115 ദശലക്ഷം ഡോളർ (995 കോടി രൂപ) വിലയുള്ള വിമാനമാണിത്. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റുരാജ്യങ്ങൾക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |