തൃശൂർ: പുതുക്കാട് അവിവാഹിതരായ ദമ്പതികൾ നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെളളിക്കുളങ്ങര സ്വദേശികളായ 26കാരനെയും 21കാരിയെയുമാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. യുവാവാണ് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി സ്റ്റേഷനിലെത്തിയത്. ഇരുവർക്കും ജനിച്ച ആദ്യ കുഞ്ഞിന്റെ അസ്ഥികൾ യുവതി, യുവാവിനെ ഏൽപ്പിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ യുവതി വീണ്ടും ഗർഭിണിയായി. ആ കുഞ്ഞും മരിച്ചെന്നാണ് യുവതി യുവാവിനോട് പറഞ്ഞിരുന്നത്.
രണ്ടാമത്തെ കുഞ്ഞിന്റെയും അസ്ഥി കഷ്ണങ്ങൾ കർമം ചെയ്യുന്നതിനായി യുവാവിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് യുവാവിന് ചില സംശയങ്ങൾ തോന്നിയത്. യുവതി തന്നെയും അപായപ്പെടുത്തുമോയെന്ന ഭയം കൊണ്ടാണ് കുഞ്ഞുങ്ങളുടെ അസ്ഥി കഷ്ണങ്ങളുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. അതേസമയം, യുവാവ് കൊണ്ടുവന്നത് അസ്ഥി കഷ്ണങ്ങൾ തന്നെയാണോയെന്ന കാര്യത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. ഈ സംഭവത്തിൽ തൃശൂർ റൂറൽ എസ്‌പി കൃഷ്ണകുമാർ ബി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രി 12 മണിയോടെ മദ്യലഹരിയിലാണ് യുവാവ് സ്റ്റേഷനിലെത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും രണ്ട് സ്ഥലങ്ങളിലായാണ് കുഴിച്ചിട്ടതെന്നുമാണ് യുവാവ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |