ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗികളെ പരിശോധിച്ചത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. കഴിഞ്ഞ ദിവസമാണ് സംഭവം. വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് ഒപിയിൽ രോഗികളെ മൊബൈൽ വെളിച്ചത്തിൽ പരിശോധിച്ചത്. ആശുപത്രിയിൽ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്ററും പ്രവർത്തന രഹിതമാണ്.
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ പല സർക്കാർ ആശുപത്രികളിലെയും മോശം അവസ്ഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ ദാരുണാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവന്നത്. കോൺക്രീറ്റ് പാളികൾ ഇളകി വീണ് ചുവരുകൾ പൊടിഞ്ഞിളകി ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടം.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആറന്മുള മണ്ഡലത്തിലെ സർക്കാർ ജനറൽ ആശുപത്രി കെട്ടിടവും ശോചനീയാവസ്ഥയിലാണ്. 17 വർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് നിർമാണത്തിലെ അപാകതകൾ കാരണം തകർന്നുതുടങ്ങിയിരിക്കുന്നത്. അപകട സാദ്ധ്യത ഉണ്ടായിട്ടും ഇപ്പോഴും രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും ജീവന് ഭീഷണിയാകുന്ന കെട്ടിടം ഉപയോഗിക്കുകയാണ്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വീണാ ജോർജ് രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |