ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വൻ പരിഷ്കരണത്തിലേക്ക് ഇന്ത്യ കടക്കുന്നു. 1.05 ലക്ഷം കോടി രൂപയുടെ ആയുധം സംഭരിക്കാനാണ് ഡിഫെൻസ് അക്വിസിഷൻ കൗൺസിൽ കഴിഞ്ഞദിവസം അംഗീകാരം നൽകിയത്. ചാരവിമാനങ്ങൾ, മൈൻവാരി കപ്പലുകൾ, പ്രതിരോധകവച മിസൈലുകൾ, തോക്കുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. കൂടുതലും തദ്ദേശീയമായി നിർമ്മിക്കും. സഖ്യരാജ്യങ്ങളായ റഷ്യ, ഫ്രാൻസ് എന്നിവരുമായിട്ടും ഇടപാടുകളുണ്ടാകും.
12 മൈൻ വാരി കപ്പലുകൾ: 44,000 കോടി. 900- 1,000 ടൺ ഭാരമുള്ള 12 കപ്പലുകൾ 10 വർഷത്തിനുള്ളിൽ തദ്ദേശീയമായി നിർമ്മിക്കും. കടലിൽ ശത്രു മൈനുകൾ കണ്ടെത്തുന്നതിനും തുറമുഖങ്ങളെ ആക്രമിക്കാനും ഇവയ്‌ക്ക് കഴിയും. പാക്- ചൈന സമുദ്ര സഖ്യം ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇതിന് മുൻതൂക്കം നൽകുന്നത്.
ക്യുക്ക് റിയാക്‌ഷൻ മിസൈൽ: 36,000 കോടി. കരയിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്നവ. 30 കി. മീ പരിധിക്കുള്ളിൽ ശത്രുവിന്റെ ഡ്രോണുകൾ, മിസൈലുകൾ എന്നിവ തകർക്കും. കരസേനയുടെ മൂന്ന് റെജിമെന്റുകൾക്കും വ്യോമസേനയുടെ മൂന്ന് സ‌്ക്വാഡ്രണുകൾക്കും നൽകും. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ ഉപയോഗിച്ച തുർക്കി ഡ്രോൺ, ചൈനീസ് മിസൈൽ ഭീഷണിയുടെയും പശ്ചാത്തലത്തിൽ.
ഇസ്‌താർ ചാര വിമാനം: 10,000 കോടി. ശത്രു സൈനിക താവളങ്ങൾ, സൈനിക നീക്കങ്ങൾ എന്നിവ നിരീക്ഷിക്കാൻ. സിന്തറ്റിക് അപ്പർച്ചർ റഡാറുകൾ, ഇലക്ട്രോ- ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് സെൻസറുകൾ എന്നിവ ഘടിപ്പിച്ച ചാര വിമാനമാണ് ഇസ്‌താർ (ഇന്റലിജൻസ്, സർവലൈൻസ്, ടാർഗെറ്റ് അക്വിസിഷൻ ആന്റ് റീകണിസെൻസ്). സെൻസറുകൾ ഡി.ആർ.ഡി.ഒ വികസിപ്പിക്കും.
സെമി- സബ്‌മേഴ്‌സിബിൾ നിരീക്ഷണ കപ്പൽ, യുദ്ധക്കപ്പലുകളിൽ ഘടിപ്പിക്കുന്ന 76 എംഎം സൂപ്പർ- റാപ്പിഡ് തോക്കുകൾ, യുദ്ധക്കപ്പലിനെ ശബ്ദ, കാന്തിക, മർദ്ദ വ്യത്യാസം വഴി തിരിച്ചറിഞ്ഞ് തകർക്കുന്ന മൈനുകൾ (ഡി.ആർ.ഡി.ഒ), കവചിത വാഹനങ്ങൾ എന്നിവയും വാങ്ങും.
അപ്പാച്ചെ ഈ മാസമെത്തും
യു.എസിൽ നിന്ന് വാങ്ങിയ ആറ് അപ്പാച്ചെ ഹെലികോപ്ടറുകളിൽ മൂന്നെണ്ണം ഈമാസവും ബാക്കിയുള്ളവ നവംബറോടെയും എത്തും. 5,691 കോടി രൂപയ്ക്കാണ് ഹെലികോപ്ടറുകൾ വാങ്ങിയത്. 2020 ഫെബ്രുവരിയിലാണ് ഇന്ത്യയും യു.എസും കരാറിൽ ഒപ്പുവച്ചത്. ‘പറക്കും ടാങ്ക്’ എന്നാണ് അപ്പാച്ചെയെ വിശേഷിപ്പിക്കുന്നത്. നിലവിൽ 22 അപ്പാച്ചെ കോപ്ടറുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായുണ്ട്.
വരുന്നു, സൂപ്പർ സുഖോയ്
പാകിസ്ഥാന്റെ പക്കലുള്ള എഫ് 16, ജെ.എഫ് 17 ഫൈറ്റർ ജെറ്റുകളെ വെല്ലാൻ സുഖോയ്- 30 എം.കെ.ഐ അടിമുടി പരിഷ്കരിക്കും. 66,829 കോടിയാണ് ചെലവ്. തദ്ദേശീയമായി നിർമ്മിച്ച അസ്ത്ര- 2, അസ്ത്ര- 3 മിസൈലുകളും അത്യാധുനിക വിരൂപാക്ഷ റഡാറും ഘടിപ്പിച്ച് സൂപ്പർ സുഖോയ് ആക്കും. നിലവിൽ സുഖോയിലെ ആർ-77 മിസൈലിന് പ്രഹര ശേഷി 100 കി.മീ മാത്രമാണ്. അസ്ത്ര എം.കെ- 2ന് 300 കി. മീ, എം.കെ- 3ന് 400 കി. മീ ശേഷിയുണ്ട്. ഡി.ആർ.ഡി.ഒ വികസിപ്പിച്ച റഡാർ 400 കി.മീ അകലെയുള്ള ലക്ഷ്യങ്ങൾ കണ്ടെത്തും. 3- 4 വർഷത്തിനുള്ളിൽ 84 വിമാനങ്ങൾ പരിഷ്കരിക്കും. അപകടങ്ങളിൽ തകർന്ന 12 വിമാനങ്ങൾക്ക് പകരം 13,500 കോടി രൂപ ചെലവിൽ 12 എണ്ണം എച്ച്.എ.എൽ നിർമ്മിക്കും. 352 തേജസ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |