കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡിലെ ലോട്ടറിക്കടയിൽ നിന്ന് ഒരു ലക്ഷം രൂപയും 3.5 ലക്ഷം രൂപയുടെ ടിക്കറ്റുകളും മോഷ്ടിച്ചയാളെ കട്ടപ്പന പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലെ പ്രതി നെടുങ്കണ്ടം കൂട്ടാർ ചേലമൂട് ചരുവിള പുത്തൻവീട്ടിൽ ഷാജിയാണ് (ആക്രി ഷാജി- 52) അറസ്റ്റിലായത്. മോഷണത്തിനു ശേഷം ഓട്ടോറിക്ഷയിൽ നെടുങ്കണ്ടത്തെത്തിയ ഷാജി, മറ്റൊരു ഓട്ടോറിക്ഷയിൽ കൂട്ടാറിലെ വീട്ടിലെത്തി. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ വീട്ടിലെത്തിച്ച ഡ്രൈവറുടെ സഹായത്തോടെ കൂട്ടാറിലെ വീട്ടിൽ നിന്ന് ഷാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന അശോക ലോട്ടറി ഏജൻസിയിലാണ് തിങ്കൾ അർദ്ധരാത്രി മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് ലോട്ടറി ടിക്കറ്റുകളും മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ജീവനക്കാരി കട തുറക്കാൻ എത്തിയപ്പോഴാണ്‌മോഷണം നടന്നതായി വ്യക്തമായത്.
പൊലീസിന് കൈയടി
മോഷണം നടന്ന് 10 മണിക്കൂറിനുള്ളിൽ കള്ളനെ പിടികൂടിയ കട്ടപ്പന പൊലീസ് കൈയടി നേടി. മോഷണവിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ഒരു നിമിഷം പോലും പാഴക്കാതെ തെളിവുകളുടെ പിന്നാലെ ഓടി മോഷ്ടവിനെ കൈയോടെ പിടികൂടുകയായിരുന്നു. പിച്ചി, തൊടുപുഴ, കമ്പംമെട്ട്, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസ് നിലവിലുണ്ട്. കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ ഒരു പോക്‌സോ കേസും നിലവിലുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോൻ, കട്ടപ്പന സി.ഐ ടി.സി. മുരുകൻ, എസ്.ഐ എബി ജോർജ്ജ്, ജൂനിയർ എസ്.ഐ എസ്.എസ്. ശ്യാം, എസ്.സി.പി.ഒ.മാരായ കെ.എം. ബിജു, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയ പിടികൂടിയത്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |