SignIn
Kerala Kaumudi Online
Thursday, 19 February 2026 7.58 AM IST

ആൻജിയോഗ്രാമിന് എത്തിയ രോഗിയെ തിരിഞ്ഞുനോക്കിയില്ല, ഒടുവിൽ മരണം; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

Increase Font Size Decrease Font Size Print Page
venu

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് മരിച്ചത്. ഹൃദ്രോഗ ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ആരോപണം.

ഇന്നലെയാണ് വേണു മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. താൻ മരിച്ചാൽ അതിന്റെ ഉത്തരവാദിത്തം ആശിപത്രിയ്ക്കായിരിക്കുമെന്ന് വേണു പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. ആൻജിയോഗ്രാമിന് എത്തിച്ചിട്ട് ആറ് ദിവസമായിട്ടും ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് വേണു ആരോപിക്കുന്നത്.


'തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൊത്തത്തിൽ ഭയങ്കര അഴിമതിയാണ്. അഴിമതികൊണ്ട് ആറാടിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും കാര്യം ആരെങ്കിലും വന്ന് ചോദിച്ചുകഴിഞ്ഞാൽ ഇവർ ഒരക്ഷരം ശബ്ദിക്കത്തില്ല. യൂണിഫോമിട്ടിരിക്കുന്നവരോട് ചോദിച്ചുകഴിഞ്ഞാൽ നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞുനോക്കില്ല. എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി വെള്ളിയാഴ്‌ച രാത്രി ഞാൻ ഇവിടെ വന്നതാണ്. ഇന്ന് ബുധൻ. ആറ് ദിവസം തികയുകയാണ്.

എമർജൻസിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട രോഗിയാണ്. ഇവർ എന്റെ പേരിൽ കാണിക്കുന്ന കാര്യപ്രാപ്തിയില്ലായ്മ എന്താണെന്ന് മനസിലാകുന്നില്ല. റൗണ്ട്‌സിന് പരിശോധിക്കാൻ വന്ന ഡോക്ടറോട് ആൻജിയോഗ്രാം എപ്പോഴായിരിക്കുമെന്ന്‌ ചോദിച്ചപ്പോൾ അവർക്ക് യാതൊരു ഐഡിയയുമില്ല. കൈക്കൂലി വാങ്ങിച്ചുകൊണ്ടാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് വ്യക്തമല്ല.

തിരുവനന്തപുരം പോലൊരു സ്ഥലത്ത് ഒരു കുടുംബത്തിലെ രണ്ട് പേർ നിൽക്കണമെങ്കിൽ എത്ര രൂപ ചെലവാകുമെന്നറിയാമോ. സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമായിരിക്കേണ്ട ആശുപത്രി ഓരോ ജീവന്റെയും ശാപമായിക്കൊണ്ടിരിക്കുകയാണ്. ഞാൻ അറിവില്ലാതെ വന്ന് ഇവിടെ വീണുപോയി. എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ ഇവിടത്തെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ വോയിസ് പുറംലോകത്തെ അറിയിക്കണം.'- എന്നാണ് വേണു സുഹൃത്തിനോട് പറഞ്ഞത്. ഈ ശബ്ദ സന്ദേശം അയച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം മരിക്കുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറാണ് വേണു.

TAGS: LATESTNEWS, KERALA, THIRUVANANTHAPURAM, MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY