
തിരുവനന്തപുരം: ലോട്ടറിയടിച്ച ഭാഗ്യവാന്മാർക്ക് പണം സൂക്ഷിക്കാൻ ക്ളാസ് നടത്തി ലോട്ടറി ഡയറക്ടറേറ്റ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്ളാസിൽ പത്തുലക്ഷം മുതൽ കോടികൾ വരെ ലോട്ടറിയടിച്ചവർ പങ്കെടുത്തു. വ്യക്തിഗത ധനകാര്യ മാനേജ്‌മെന്റ്, നികുതി ബാദ്ധ്യതകൾ കൈകാര്യം ചെയ്യൽ, പണത്തിന്റെ മനഃശാസ്ത്രം, മികച്ച നിക്ഷേപ രീതികൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുത്തു.
പരിപാടി ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. രാമലിംഗം, ഡോ. മോഹൻ റോയി തുടങ്ങിയവർ ക്ലാസെടുത്തു. ഭാഗ്യക്കുറി ജോയിന്റ് ഡയറക്ടർ മായ എൻ.പിള്ള അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിലെ പ്രഖ്യാപന പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെയും ഭാഗ്യക്കുറി വകുപ്പിന്റെയും സാമൂഹിക ഉത്തരവാദിത്വ പരിപാടികളുടെ ഭാഗമായി, ലോട്ടറി സമ്മാന ജേതാക്കൾക്കായുള്ള സാമ്പത്തിക മാനേജ്‌മെന്റ് പഠനസൗകര്യം തുടർ പരിപാടിയായി സംഘടിപ്പിക്കുമെന്ന് ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |