കൊച്ചി:സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് കൈ മെയ് മറന്ന് പ്രവർത്തിക്കാനും ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി.ജെ.പി പ്രവർത്തകരെ
ഇന്നലെ കൊച്ചിയിൽ നടന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ ആഹ്വാനം ചെയ്തു.
ബൂത്ത് തലത്തിൽ ശ്രദ്ധയൂന്നണം. ജയസാദ്ധ്യതയുള്ള വാർഡുകളിൽ ഒരു വോട്ടു പോലും പാഴാകാതെ നോക്കണം. വിജയം മാത്രമാണ് ലക്ഷ്യം. വികസനമാണ് അജണ്ട. വാർഡുകൾ തോറുമുള്ള വികസന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ജനങ്ങൾക്കിടയിലേക്കിറങ്ങണം.
രാഹുൽ ഗാന്ധിയുടെ കള്ളവോട്ട് ആരോപണം അപ്രസക്തമായി. ആസന്നമായ തദ്ദേശ, അസംബ്ളി തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കേണ്ട 21 ഇന പദ്ധതിയും അദ്ദേഹം മുന്നോട്ടു വച്ചു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന നേതൃയോഗത്തിൽ സംസ്ഥാന ഭാരവാഹികൾ, മുൻ സംസ്ഥാന പ്രസിഡന്റുമാർ, ജില്ലാ പ്രഭാരിമാർ തുടങ്ങി നൂറിലേറെപ്പേർ പങ്കെടുത്തു. സംസ്ഥാനത്തെ കഴിഞ്ഞ മൂന്നു മാസത്തെ പ്രവർത്തനറിപ്പോർട്ട് സംസ്ഥാന നേതൃത്വം അവതരിപ്പിച്ചു. ഉച്ചയ്ക്കു ശേഷം സംസ്ഥാന നേതാക്കൾ പ്രത്യേക യോഗംചേർന്നു.
12.30നെത്തിയ അമിത് ഷാ രണ്ടു മണി വരെ നേതാക്കളുമായി സംവദിച്ചു.
കൊച്ചി കായൽ സമരത്തിന്റെ ചിത്രം ഉപഹാരമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അമിത് ഷായ്ക്ക് സമ്മാനിച്ചു. വൈകിട്ട് അദ്ദേഹം ചെന്നൈയിലേക്ക് പോയി.
തിരഞ്ഞെടുപ്പ്
പദ്ധതികൾ
□ ആഗസ്റ്റ് 26 - സെപ്തംബർ 2: മേഖലാ ശില്പശാലകൾ
□സെപ്തം. 30 നകം: വികസന അജണ്ട നിശ്ചയിക്കൽ
□ഒക്ടോ. 2: സ്വച്ഛഭാരത് ദിനാചരണം
□ സെപ്തം. / ഒക്ടോ.: വാർഡുതല കൺവെൻഷൻ, അദാലത്ത്
രാമചന്ദ്രന്റെ
കുടുംബത്തെ കണ്ടു
കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളിയിലെ എൻ. രാമചന്ദ്രന്റെ ഭാര്യ ഷീല രാമചന്ദ്രനും മകൾ ആരതി ആർ. മേനോനും റിനൈ ഹോട്ടലിൽ കേന്ദ്രമന്ത്രി അമിത് ഷായെ സന്ദർശിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നു. പത്ത് മിനിറ്റോളം സംസാരിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പു നൽകിയതായും ,തീവ്രവാദത്തോട് സന്ധിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിന് അച്ഛന്റെ ബലിദാനം കാരണമായെന്നും അമിത് ഷാ വ്യക്തമാക്കിയെന്ന് രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞു.
മദ്യലഹരിയിലായിരുന്ന
അസി. കമൻഡാന്റിനെ ഒഴിവാക്കി
നെടുമ്പാശേരി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സായുധ പൊലീസ് വിഭാഗം അസി. കമൻഡാന്റിനെ മദ്യലഹരിയിലായിരുന്നുവെന്ന സംശയത്തെത്തുടർന്ന് ചുമതലയിൽ നിന്നൊഴിവാക്കി. കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സുരേഷിനെയാണ് ഒഴിവാക്കിയത്. അങ്കമാലി സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, മദ്യം കഴിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |