ന്യൂഡൽഹി: പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നിവ മൂലം കോഴി, താറാവ്, പന്നി തുടങ്ങിയവയെ കൊന്നൊടുക്കേണ്ടി വന്ന കർഷകർക്ക് 6.63 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുമെന്ന് കേന്ദ്ര ക്ഷീരവികസന-ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉറപ്പ് നൽകിയതായി മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ജോർജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്.
2002 മുതൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കർഷകർക്കാണ് പക്ഷിപ്പനി കൂടുതൽ നഷ്ടമുണ്ടാക്കിയത്. ഇവിടങ്ങളിൽ രണ്ടുലക്ഷത്തിലേറെ പക്ഷികളെയാണ് ഒരു വർഷത്തിനിടെ കൊന്നൊടുക്കിയത്. ജന്തുജന്യ രോഗങ്ങൾ സ്ഥിരീകരിക്കുന്ന പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഡിസീസിന്റെ നിലവാരം ഉയർത്തണമെന്നും രോഗപ്രതിരോധത്തിന് ആവശ്യമായിട്ടുള്ള ചെക്ക് പോസ്റ്റുകൾക്കുള്ള തുക വർദ്ധിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നാഷണൽ ലൈവ് സ്റ്റോക്ക് മിഷന്റെ കീഴിൽ കന്നുകാലികളെ ഇൻഷ്വർ ചെയ്യാനും കേന്ദ്രസഹായം വേണം. ആട്, പന്നി വളർത്തൽ വികസനത്തിനായി 2025-26 സാമ്പത്തികവർഷം സംസ്ഥാനം ആവശ്യപ്പെട്ട തുക ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവമാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്ന് ചിഞ്ചുറാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |