തിരുവനന്തപുരം: ഉപകരണങ്ങളുടെ ക്ഷാമം കാരണം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾ മുടങ്ങുന്നതിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രശ്‌നം രണ്ടുദിവസത്തിനുള്ളിൽ പരിഹരിക്കും. ഉപകരണങ്ങൾ വാങ്ങാൻ ഒരാഴ്‌ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടുദിവസത്തിനകം ശസ്ത്രക്രിയ പുനഃരാരംഭിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാരിനെ അറിയിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലും വിവരം കൈമാറുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്താൻ ശ്രീചിത്രയിൽ എത്തിയ കേന്ദ്രമന്ത്രി അടിയന്തരയോഗം വിളിച്ചിരുന്നു. യോഗത്തിൽ ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി മറ്റ് വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ശ്രീചിത്രയിൽ ഇന്ന് നടക്കേണ്ട അഞ്ച് അടിയന്തര ശസ്ത്രക്രിയകൾ മാറ്റിവച്ചു. രണ്ട് രോഗസ്ഥിരീകരണ പരിശോധനകളും ഉപേക്ഷിച്ചിരിക്കുകയാണ്.
ഇതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീചിത്രയിൽ പ്രതിഷേധ പ്രകടനം നടത്തി. സുരേഷ് ഗോപിക്ക് പൈലറ്റായി വന്ന പൊലീസുകാർ പ്രതിഷേധക്കാരെ തടയുകയും അകത്തിട്ട് പൂട്ടുകയും ചെയ്തു. പിന്നീട് ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരിയെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിൽ മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന 15 ശസ്ത്രക്രിയകളും മാറ്റിയിരിക്കുകയാണ്. രോഗികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ ക്ഷാമം മൂലം നിശ്ചയിച്ച പ്രകാരം ശസ്ത്രക്രിയ നടക്കില്ലെന്നും എപ്പോൾ ശരിയാകുമെന്ന് പറയാനാകില്ലെന്നുമാണ് ആശുപത്രിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന അറിയിപ്പ്. അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. കമ്പനികളോട് പലവട്ടം ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന് ഉറപ്പായതോടെയാണിത്.
2023ന് ശേഷം ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുമായി ശ്രീചിത്ര കരാർ പുതുക്കിയിട്ടില്ല. പഴയ നിരക്കിലാണ് ഇതുവരെ ശസ്ത്രക്രിയാ സാമഗ്രികൾ നൽകിയിരുന്നത്. വിദേശ നിർമിത സാമഗ്രികൾക്ക് വില വർദ്ധിച്ചതോടെയാണ് പഴയ നിരക്കിൽ നൽകാനാകില്ലെന്ന് കമ്പനികൾ നിലപാടെടുത്തത്. കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച ജെം പോർട്ടൽ വഴി മാത്രമേ ശസ്ത്രക്രിയയ്ക്കുള്ള സാമഗ്രികൾ വാങ്ങാവൂയെന്ന നിലപാട് തുടർന്നാൽ ഇന്റർവെൻഷണൽ റേഡിയോളജിയ്ക്ക് ആവശ്യമായ വിദേശ നിർമ്മിത ഉപകരണങ്ങൾ കിട്ടാതെ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |