സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് ജെഎസ്‌കെ. സിനിമ തീയേറ്ററിലെത്താൻ പോകുകാണ്. അനുപമ പരമേശ്വരനും സിനിമയിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ചിൽ മലയാളത്തിൽ താൻ അവഗണന നേരിട്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ.
തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞവരുണ്ട്. ഒരുപാട് ട്രോളുകളൊക്കെ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും അനുപമ വ്യക്തമാക്കി. ട്രോളിക്കോളൂ, പക്ഷേ കൊല്ലരുതെന്നും നടി കൂട്ടിച്ചേർത്തു. നടിയുടെ തുറന്നുപറച്ചിലിന് പിന്നാലെ പിന്തുണയുമായി സുരേഷ് ഗോപിയെത്തി.
'അനുപമ പരമേശ്വരൻ ഈ സിനിമയിൽ വളരെ നന്നായി അഭിനയിച്ചു. അവാർഡൊക്കെ കിട്ടണമെന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. ഇത് ആദ്യത്തെ സംഭവമല്ല അനുപമാ...എനിക്കറിയാവുന്ന സത്യമുണ്ട്. സിമ്രാൻ, നമ്മൾ മലയാളസിനിമ ഒരുപാട് അവഹേളിച്ചുവിട്ട നായികയാണ്.
പക്ഷേ പിന്നീട് സിമ്രാൻ മലയാളത്തിൽ നായികയായി വരാൻ വേണ്ടി അവരുടെ പിന്നാലെ നടന്ന വമ്പൻ സംവിധായകരെ എനിക്കറിയാം. അസിൻ, നയൻതാര ഇവരെല്ലാം പിന്നെ വിവിധ ഭാഷകളിൽ നായികയായി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കർമ എന്ന് പറയും. അങ്ങനെ സംഭവിച്ചേപറ്റൂ. അത് സംഭവിക്കാൻ വേണ്ടിയുള്ള പ്രാർത്ഥനയുമുണ്ട്.'- സുരേഷ് ഗോപി പറഞ്ഞു.
പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്കെ. ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്നാണ് ടൈറ്റിലിന്റെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു. ഏറെ നാളുകൾക്കുശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |