ആൾക്കാരെ അടിച്ചമർത്താനും ആക്ഷേപിക്കാനും മാത്രമുള്ള പ്ലാറ്റ്‌ഫോമായി സോഷ്യൽ മീഡിയ മാറിയെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഒരു പരിധിവരെ സോഷ്യൽ മീഡിയയിലുള്ളവരെ പേടിച്ച് നടക്കേണ്ട അവസ്ഥയാണെന്നും മാധവ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'എന്റെ അച്ഛന്റെ ലൈഫ് ഹിസ്റ്ററി ട്രാക്ക് ചെയ്തുകഴിഞ്ഞാൽ അദ്ദേഹം എന്തൊക്കെയാണ് ചെയ്തതെന്നറിയാം. പക്ഷേ ബി ജെ പി എന്നൊരു ടാഗ് വന്നതോടുകൂടി അത് മറന്നുപോയ നാട്ടുകാരുണ്ട്. സിനിമ ചെയ്യുമ്പോൾ വീണ്ടും സുരേഷ് ഗോപിയാകും. അല്ലാത്തപ്പോൾ അച്ഛനെ പലരും വിളിക്കുന്നത് എനിക്ക് ഇവിടെ പറയാൻ പറ്റാത്ത വാക്കുകളാണ്.
ഒരു എംപിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും അദ്ദേഹം എന്തൊക്കെ ചെയ്‌തെന്ന് അന്വേഷിക്കാനൊന്നും അവർക്കാകില്ല. നെഗറ്റീവ് പറയാൻ എല്ലാവർക്കും ഇഷ്ടമാണ്. ബ്രാഹ്മണനായി ജനിച്ച് അമ്പലത്തിലൊരു പൂജാരിയായി കൊള്ളാമെന്ന് അച്ഛൻ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാണ്. തനിക്കെന്താകണമെന്ന് ഒരു മനുഷ്യന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ ഞാൻ പറയുകയാണ്, അടുത്ത ജന്മത്തിലൊരു ക്രിസ്ത്യാനിയായി ജനിക്കണമെന്ന്. അതെന്റെ അവകാശമാണ്. എന്റെ തീരുമാനമാണ്. ഞാൻ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. അതിനെയും ചിലർ കളിയാക്കും.
ചില കാര്യങ്ങൾ വേദനിപ്പിക്കും. ഇന്നും മറക്കാത്തൊരു കാര്യമുണ്ട്. എല്ലാ ദിവസവും ഓർമവരും അത്. അങ്ങനെയാണെങ്കിൽ നിന്റെ ഭാര്യയേയും പെൺമക്കളെയും എനിക്ക് തന്നിട്ടുപോ എന്ന കമന്റ്. അവനെയൊക്കെ വീട്ടിൽകയറി തല്ലണ്ടേ. അപ്പോൾ നമ്മൾ കുറ്റക്കാരാകും. ഇപ്പോഴും നിയന്ത്രണമില്ലാത്ത വർത്തമാനമാണ്. ഇങ്ങനെ പറയാൻ ഫെയ്ക്ക് അക്കൗണ്ടുവരെ ഉണ്ടാക്കിവച്ചവരുണ്ട്. കേൾക്കുന്നവരും മക്കളാണെന്ന് ഓർക്കുന്നില്ല.'- മാധവ് സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |