കൊച്ചി: എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 'വാപുര സ്വാമി" ക്ഷേത്രനിർമ്മാണം തടഞ്ഞ് ഹൈക്കോടതി. സ്ഥലമുടമകൾ ബിൽഡിംഗ് പെർമിറ്റിന് അപേക്ഷിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നിർമ്മാണം നടക്കുന്നില്ലെന്ന് എരുമേലി പഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കണം. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാം.
എരുമേലി തെക്ക് പഞ്ചായത്തിൽ തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി പി. ജോഷിയുടെ 49 സെന്റ് സ്ഥലത്താണ് ക്ഷേത്ര നിർമ്മാണ നീക്കങ്ങൾ നടക്കുന്നത്. ഇതിനെതിരെ എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം വിശ്വാസിയായ നോർത്ത് പറവൂർ സ്വദേശി കെ.കെ. പത്മനാഭനാണ് കോടതിയെ സമീപിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രനിർമ്മാണമെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധമില്ലെന്ന് വി.എച്ച്.പി അറിയിച്ചു. സർക്കാരിനും പഞ്ചായത്തിനുമടക്കം നോട്ടീസിന് നിർദ്ദേശിച്ച കോടതി, ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |