പഹൽഗാം ഭീകരാക്രമണത്തിന് തക്കതായ മറുപടിയെന്ന പോലെ തന്നെ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യാ - പാക് ബന്ധത്തിലും പാക് - ചൈനാ ബന്ധത്തിലും സമഗ്രമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്. പാകിസ്ഥാനും ചൈനയ്ക്കും പരോക്ഷമായി ചില സന്ദേശങ്ങൾ കൂടി ഈ സിന്ദൂരദൗത്യത്തിലൂടെ ഇന്ത്യ നൽകിയിട്ടുണ്ട്. സ്വന്തം കരുത്തിലുള്ള പാകിസ്ഥാന്റെ അമിതമായ ആത്മവിശ്വാസം ഇതോടെ പൊലിഞ്ഞു. ചൈനയുടെ പിന്തുണ കൊണ്ട് ഇന്ത്യയെ വരുതിയിൽ നിറുത്താമെന്നായിരുന്നു അവരുടെ ചിന്ത. ചൈനയുടെ വിശ്വാസ്യതയും ചോദ്യ ചിഹ്നമായി. പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങൾ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയ്ക്ക് സമ്മാനിച്ചു..
വൻശക്തിയായ ചൈനയുടെ പിന്തുണയുള്ളതിനാൽ തങ്ങളുടെ മണ്ണിൽ ഇന്ത്യ ഒന്നും ചെയ്യില്ലെന്ന പാകിസ്ഥാന്റെ വിശ്വാസത്തെയാണ് ഈ ദൗത്യം തകർത്തത്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളും വ്യോമസേനാ താവളങ്ങളും ഒന്നൊന്നായി ഇന്ത്യൻ മിസൈലുകൾ തരിപ്പണമാക്കിയപ്പോൾ ഒന്നും ചെയ്യാനാകാതെ അവർക്ക് നിസഹായരായി നോക്കി നിൽക്കേണ്ടിവന്നു.പാക് ആയുധ ശേഖരത്തിൽ മുക്കാൽ പങ്കും ചൈനയുടേതാണ്. ഇവ ഈ സംഘർഷത്തിൽ തീർത്തും നിഷ്പ്രഭമായത് ലോകം കണ്ടു. ചൈനീസ് പ്രതിരോധ ഉപകരണങ്ങളുടെ പോരായ്മകൾ തുറന്നുകാട്ടാൻ ഇന്ത്യയ്ക്കായി. പ്രത്യേകിച്ച് അവരുടെ വ്യോമപ്രതിരോധന സംവിധാനം അമ്പേ പരാജയപ്പെടുകയായിരുന്നു. 12 പാക് വ്യോമസേനാ താവളങ്ങളിൽ മിസൈലുകൾ വർഷിച്ചപ്പോൾ ഒന്നിൽ പോലും അവർക്ക് പ്രതിരോധിക്കാനായില്ല. ചൈനീസ് എച്ച്. ക്യു.9 എന്ന വ്യോമപ്രതിരോധ സംവിധാനം കാഴ്ച വസ്തുവായത് വലിയ തിരിച്ചടിയായാണ് പാകിസ്ഥാനും കാണുന്നത്. ആഗോളതലത്തിൽ ചൈനയുടെ സൈനികോപകരണങ്ങളുടെ വിശ്വാസ്യതയാണ് ചീട്ടുകൊട്ടാരം പോലെ കഴിഞ്ഞ ദിനങ്ങളിൽ തകർന്നടിഞ്ഞത്. ഇന്ത്യയിലേക്ക് പാകിസ്ഥാൻ തൊടുത്ത ചൈനീസ് മിസൈലുകളിൽ ഒന്നു പോലും ലക്ഷ്യം കണ്ടതുമില്ല. ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾക്ക് മുമ്പിൽ അവയെല്ലാം നിഷ്പ്രഭമായി. ചൈനീസ് ആയുധങ്ങളുടെ കാര്യക്ഷമതയില്ലായ്മ അവരുടെ ആയുധക്കച്ചവടത്തിന്റെ നടുവൊടിച്ചാലും അത്ഭുതപ്പെടാനില്ല.
ഇന്ത്യയെ്ക്കതിരായ ചൈനയുടെ മൊത്തം രഹസ്യാന്വേഷണ വിവരങ്ങളും ചൈനീസ് ഉപഗ്രഹങ്ങളുടെ പിന്തുണയും ഉണ്ടായിട്ടും ഇന്ത്യൻ നീക്കങ്ങളെക്കുറിച്ച് ഒരു സൂചനയും ഇരുരാജ്യങ്ങൾക്കും ലഭിച്ചില്ല. പുല്ലു പോലെ ഇന്ത്യ പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർത്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ മിസൈലുകളും ഡ്രോണുകളും സൈനിക കേന്ദ്രങ്ങളിൽ തീമഴ പെയ്യിച്ചു. വല്ലാത്ത അപമാനവും വീഴ്ചയുമായാണ് പാകിസ്ഥാൻ ഈ പരാജയത്തെ കാണുന്നത്.
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയുമായി വെടിനിറുത്തൽ നടപ്പാക്കാൻ പാകിസ്ഥാന് അമേരിക്കയുടെ കാലു പിടിക്കേണ്ടി വന്നതാണ് ചൈനയ്ക്കേറ്റ മറ്റൊരു തിരിച്ചടി. പാകിസ്ഥാന്റെ ഏറ്റവും അടുത്ത രാജ്യമായിട്ടും ഇക്കാര്യത്തിൽ ചൈനയ്ക്ക് ഒന്നും ചെയ്യാനായില്ല. ചൈനയുടെ പ്രസക്തി ചോദ്യചിഹ്നമായി. കറാച്ചി മേഖലയിൽ ചൈനീസ് സാന്നിദ്ധ്യമുള്ളതാണ്. ചൈനീസ് പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പ്രധാന
കേന്ദ്രമാണ് കറാച്ചി. ചൈനീസ് കപ്പലുകളും ധാരാളം ചൈനീസ് പൗരന്മാരും കറാച്ചി തുറമുഖത്തുമുണ്ട്. എന്നിട്ടും ഇന്ത്യൻ ആക്രമണ ലക്ഷ്യങ്ങളിൽ നിന്ന് കറാച്ചിയെ ഒഴിവാക്കിയില്ല. അവിടത്തെ സൈനിക കേന്ദ്രവും ആക്രമിക്കപ്പെട്ടു. ചൈനീസ് സാന്നിദ്ധ്യത്തെ ഇന്ത്യ ഗൗനിക്കില്ലെന്ന സന്ദേശം കൂടിയായി ഈ ആക്രമണം. ഭീകരവാദത്തിനെതിരായ ഈ പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും ചൈനീസ് ആയുധങ്ങളുടെ പോരായ്മയും തുറന്നു കാണിക്കപ്പെട്ടു. ചൈനയ്ക്കും ആശങ്കപ്പെടാൻ കാര്യങ്ങളുണ്ടെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |