ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ കുന്തമുനയായിരുന്ന റഫേൽ യുദ്ധവിമാനങ്ങളെപ്പറ്റി ചൈന അപവാദപ്രചാരണം നടത്തിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ തങ്ങളുടെ എംബസികളെ ഉപയോഗിച്ചായിരുന്നു ചൈനയുടെ പ്രചാരണം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ നാല് റഫേൽ യുദ്ധവിമാനങ്ങളെ തകർത്തയായി പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യയുടെ ചില യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി ഇന്ത്യൻ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞിരുന്നു. ഇതുരണ്ടും ഏറ്റുപിടിച്ചാണ് ചൈന തങ്ങളുടെ യുദ്ധവിമാനങ്ങൾ വിറ്റഴിക്കാനുള്ള തന്ത്രം പയറ്റിയത്. ഫ്രഞ്ച് സൈനിക രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.
ഇന്ത്യയുടെ പക്കലുള്ള റഫേൽ യുദ്ധവിമാനങ്ങൾ മോശം പ്രകടനമാണ് കാഴ്ചവച്ചത്. അതിനാൽ ആ വിമാനങ്ങൾ ഒഴിവാക്കി മികച്ച പ്രകടനം നടത്തുന്ന തങ്ങളുടെ യുദ്ധവിമാനങ്ങൾ വാങ്ങാനായിരുന്നു ചൈനയുടെ ആഹ്വാനം. റഫേൽ യുദ്ധവിമാനങ്ങൾക്ക് ഓർഡർ നൽകിയ രാജ്യങ്ങളോടായിരുന്നു പ്രചാരണം. ഇന്ത്യയ്ക്കുപുറമേ ഈജിപ്ത്, ഖത്തർ, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, സെർബിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് റഫേലിന് ഓർഡർ നൽകിയിരിക്കുന്നത്. തങ്ങളുടെ പക്കലുള്ള റഫേൽ യുദ്ധവിമാനങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് ഇന്ത്യ പറഞ്ഞതിനെ സൗകര്യപൂർവം വിസ്മരിച്ചായിരുന്നു ചൈനയുടെ നുണപറച്ചിൽ.
തങ്ങൾ പറയുന്ന കാര്യങ്ങൾ സാധൂകരിക്കാൻ എഐ സൃഷ്ടിച്ച വ്യാജ ചിത്രങ്ങളും ചൈന ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം ചൈനീസ് യുദ്ധവിമാനങ്ങളുടെ മഹിമകളെ വാനോളം പുകഴ്ത്തകയും ചെയ്തിരുന്നു.ചൈനയുടെ വ്യാജ പ്രചാരണം യുദ്ധവിമാനങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ളതല്ലെന്നും മറ്റ് മേഖലകളെയും ലക്ഷ്യംവച്ചിരുന്നു എന്നാണ് ഫ്രാൻസ് കരുതുന്നത്. എന്നാൽ ചൈനയുടെ വ്യാജ പ്രചാരണം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ഫ്രാൻസ് വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |