തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിനുശേഷം ആദ്യമായി ഔദ്യോഗിക പരിപാടിക്ക് രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെയും രാജ്ഭവന്റെയും വിശേഷങ്ങളും പരിപാടികളുമടങ്ങിയ 'രാജഹംസ് ' ജേർണൽ പ്രസിദ്ധീകരണത്തിനാണ് മുഖ്യമന്ത്രി എത്തിയത്. ജേർണൽ ശശി തരൂർ എം.പിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രിയും ചേർന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രകാശനച്ചടങ്ങിൽ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല. ഭാരതാംബ ചിത്രം ഔദ്യോഗിക ചടങ്ങുകളിൽ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ ഗവർണർക്ക് കത്ത് നൽകിയിരുന്നു.
അതിനിടെ രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി ചടങ്ങിൽ പരസ്യമാക്കി. ഭരണഘടനയിലെ ആർട്ടിക്കിൾ 200 വ്യാഖ്യാനിച്ചുകൊണ്ടുള്ള ലേഖനത്തോടാണ് മുഖ്യമന്ത്രി വിമർശനം ഉയർത്തിയത്. സർക്കാരിനെ പിന്തുണക്കുന്നതോ അല്ലാത്തതോ ആയ ലേഖനങ്ങൾ മാസികയിൽ വരാം. അത് ലേഖകന്റെ അഭിപ്രായം മാത്രമാണ്. വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ എഴുതിയിരിക്കുന്നത് സർക്കാരിന്റെ അഭിപ്രായമല്ല. ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്‌ഭവന്റെ പേരിൽ വരുന്നു എന്നുകരുതി അത് സർക്കാരിന്റെ അഭിപ്രായമാകില്ലെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയാതെയാണ് ഗവർണർ ആർലേക്കർ ചടങ്ങിൽ സംസാരിച്ചത്. മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് തരൂരിനോട് ചോദിച്ചു മനസിലാക്കി എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്. അതിനിടെ രാജ്‌ഭവനുകളുടെ പേര് ലോക് ഭവൻ എന്നുമാറ്റണമെന്ന് ശശി തരൂർ ചടങ്ങിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |