തിരുവനന്തപുരം:പൊലീസിലെ ഒരു കൂട്ടം ക്രിമിനലുകൾ നടത്തിയ ക്രൂര മർദ്ദനത്തിൽ തെളിവ് സഹിതം വിവരങ്ങൾ പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം തുടരുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ച പൊലീസുകാർക്കെതിരായ നടപടി സസ്‌പെൻഷനിൽ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സർക്കാരും കരുതേണ്ട. പ്രതികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നതുവരെ കോൺഗ്രസും യു.ഡി.എഫും സമരം തുടരുമെന്നും അദ്ദേഹംപറഞ്ഞു.
പൊലീസ് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുന്നതിന് മുൻപ് തന്നെ ഉന്നത ഉദ്യോഗസ്ഥർഉൾപ്പെടെയുള്ളവർ അത് കണ്ടിട്ടുണ്ട്.എന്നിട്ടും പ്രതികൾക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ്. സ്വന്തം വകുപ്പിലെ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൗനം വെടിയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |