പറവൂർ: സ്വർണ വില കുതിച്ചുയർന്നതോടെ ചെറുകിട ജുവലറികളിൽ ഡിസ്‌പ്ലേ ബോർഡുകൾ പണിമുടക്കി. ഒരു ഗ്രാം സ്വർണ വില അടിസ്ഥാനമാക്കിയാണ് ഡിസ്‌പ്ലേ ബോർഡുകളുടെ ക്രമീകരണം. ഗ്രാമിന് നാല് അക്കം വരെ പ്രദർശിപ്പിക്കാനേ ഈ ബോർഡുകൾക്ക് കഴിയൂ. ഗ്രാം വില 9,999 കടന്ന് അഞ്ചക്കത്തിൽ എത്തിയതോടെ വില പ്രദർശിപ്പിക്കാനാകാതെ പല ജുവലറികളും ഡിസ്‌പ്ലേ ബോർഡുകൾ ഓഫ് ചെയ്തു.
സെപ്തംബർ 10ന് ഗ്രാം വില 10000 കടന്നു. ഇന്നലെ ഗ്രാമിന് 10,585 രൂപയിലെത്തി.
ഡിസ്‌പ്ളെ ബോർഡുകളിൽ അധികവും ചൈനാ നിർമ്മിതമാണ്. കൂടുതൽ അക്കങ്ങൾ പ്രദർശിപ്പിക്കാവുന്ന ബോർഡുകൾ എത്താൻ കാത്തിരിക്കേണ്ടിവരും.
മൂവായിരം രൂപയോളം വിലയുണ്ട് നിലവിലെ ബോർഡുകൾക്ക്.
സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ ലഭിക്കുന്നത് കൂടുതലും തൃശൂരിലാണ്. ഇവിടെയുള്ള സ്ഥാപനങ്ങളിൽ ഇതുവരെ അഞ്ച് അക്ക ബോർഡുകൾ എത്തിയിട്ടില്ലെന്നും ആയിരക്കണക്കിന് ജുവലറികളാണ് പുതിയ ബോർഡുകൾക്ക് ഓഡർ നൽകിയിട്ടുള്ളതെന്നും പറവൂർ പവീസ് ജുവലറി ഉടമ തെക്കിനേടത്ത് തോമസ് ആന്റണി പറഞ്ഞു.
സ്വർണവില ഗ്രാമിന് 10000 രൂപ കടന്നപ്പോൾ ചെറുകിട ജുവലറികളിൽ വില പ്രദർശിപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി. ഇപ്പോഴും പല കടകളിലും ബുദ്ധിമുട്ടുണ്ട്. അപ്ഡേഷൻ സൗകര്യമുള്ള വലിയ ഡിസ്‌പ്ലേ ബോർഡുകളിൽ ഈ പ്രശ്നമില്ല
അഡ്വ.എസ്. അബ്ദുൾ നാസർ,
സംസ്ഥാന ജനറൽ സെക്രട്ടറി,
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |