തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേന്ദ്രമായി വ്യവസായ വികസനം വരുന്നതോടെ
നേരിട്ടുള്ള പതിനായിരം തൊഴിലവസരങ്ങളാണ് ഉണ്ടാവുന്നതെങ്കിൽ, പരോക്ഷ തൊഴിൽ ഇതിന്റെ പതിന്മടങ്ങാവും.
വ്യവസായ പാർക്കുകൾക്ക് അനുബന്ധമായി ചെറുകിട ഉത്പാദന, അസംബ്ലിംഗ് യൂണിറ്റുകൾ വരും. കയറ്റുമതി-ഇറക്കുമതി (എക്സിം) തുറമുഖമായി വിഴിഞ്ഞം മാറിയാൽ ലോജിസ്റ്റിക്സ്,വെയർഹൗസിംഗ്,കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർറിപ്പയറിംഗ് എന്നിങ്ങനെ പല മേഖലകളിൽ തൊഴിലവസരങ്ങളുണ്ടാവും. കപ്പലുകളിൽ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും നൽകുന്നതു പോലും കോടിക്കണക്കിന് രൂപയുടെ ബിസിനസാണ്.
തുറമുഖ ശേഷി 45ലക്ഷമാവുന്നതോടെ രാജ്യത്തിന്റെ ചരക്കു ഗതാഗതത്തിന്റെ കവാടമായി മാറും.. മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്ന് അദാനി പ്രഖ്യാപിച്ചിരുന്ന തുറമുഖ വികസനം 10,000 കോടി ചെലവിൽ ഒറ്റ ഘട്ടമായി 2028 ഡിസംബറിനകം പൂർത്തിയാക്കും. അതിനു മുൻപ്, ഭൂമിയേറ്റെടുത്ത് പാട്ടത്തിന് കൈമാറുകയും ചരക്കു നീക്കത്തിന് സൗകര്യമൊരുക്കുകയും വേണം. ഐ.ടി,അനുബന്ധ വ്യവസായ മേഖല, ട്രാവൽ, ഹോട്ടൽ,റെസ്റ്റോറന്റ് സംരംഭങ്ങൾ,ടൂറിസം,ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണം-അസംബ്ലിംഗ്, സ്റ്റാർട്ടപ്പ് എന്നിങ്ങനെ തൊഴിലിന് വഴിയൊരുങ്ങും. തിരുവനന്തപുരം നഗരസഭയുടെ മൂന്നിരട്ടി മാത്രമുള്ള സിംഗപ്പൂർ, തുറമുഖം കൊണ്ട് വളർന്നതു പോലെ കേരളത്തിനുള്ള വമ്പൻ അവസരമാണ് വരുന്നത്.
600, 620മീറ്റർ നീളത്തിൽ 2 മൾട്ടിപർപ്പസ് ബർത്തുകൾ പൂർത്തിയാവുന്നതോടെ കൂടുതൽ കപ്പലുകകളടുപ്പിച്ച് ചരക്കിറക്കാനാവും. 250മീറ്ററിലെ ലിക്വിഡ് കാർഗോബർത്തിൽ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സൗകര്യവുമുണ്ട്. മൾട്ടിപർപ്പസ് ബർത്തുകളിൽ അരി,കൽക്കരി, യന്ത്രഭാഗങ്ങളടക്കം ഇറക്കാം. ഇത് വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും ഗുണകരമാവും. തോട്ടണ്ടിയടക്കം ഇറക്കുമതി കൂട്ടുന്നത് കശുഅണ്ടി മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്കും പ്രയോജനപ്പെടും
തൊഴിൽ വരുന്ന
വഴികൾ
ചൈനയിൽ നിന്നടക്കം അസംസ്കൃത വസ്തുക്കളെത്തിച്ച് ഉത്പാദനത്തിനും അസംബ്ലിംഗിനും കയറ്റുമതിക്കുമാവും. ഉത്പാദനശാലകളും ചെറുകിട വ്യവസായ യൂണിറ്റുകളും വരും.
വ്യവസായ പാർക്കുകളിൽ യുവാക്കൾക്ക് തൊഴിൽ . വിദേശത്തേക്ക് ജോലി
തേടി പോവുന്നതിനു പകരം നാട്ടിൽ മികച്ച ശമ്പളമുള്ള തൊഴിലവസരം.
പുലിമുട്ട് 900മീറ്റർ കൂടി നീട്ടുന്നതോടെ, ക്രൂയിസ് കപ്പലുകളുമെത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ടൂറിസം മേഖലയിൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടും. വ്യാപാര സാധ്യതകളേറും.
കാർഷിക ഉത്പ്പന്നങ്ങളുടെയും പൂക്കളുടെയും ഭക്ഷ്യ-സമുദ്ര വിഭവങ്ങളുടെയും കയറ്റുമതി ശക്തിപ്പെടുന്നതോടെ കാർഷികോൽപാദനം കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |