തിരുവനന്തപുരം: പൊലീസ് എന്താ ആക്ഷൻ ഹീറോ ബിജുവാണോ?കരിക്കും പെപ്പർ സ്‌പ്രേയും പൊലീസിന്റെ ആയുധമായി അംഗീകരിച്ചതെന്നാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭാ അടിയന്തര പ്രമേയ ചർച്ചയിലെ പ്രസംഗത്തിനിടയിൽ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളാണിവ.
നിരപരാധികളായ സാധാരണക്കാരായ മനുഷ്യരാണ് പൊലീസ് സ്റ്റേഷനുകളിൽ പീഡിപ്പിക്കപ്പെടുന്നത്. കാൻസർ രോഗിയാണെന്ന് കരഞ്ഞുപറഞ്ഞയാളുടെ കാലിൽ ചൂരൽ പ്രയോഗം നടത്തി. അടൂരിൽ ഡി.വൈ.എഫ്.ഐയുടെ മേഖലാ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കി പൊലീസുകാർ തല്ലിക്കൊന്നു. അങ്ങനെയുള്ള പൊലീസിനെയാണ് ഇടതുപക്ഷം ന്യായീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാവങ്ങളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുമ്പോഴാണ് ടി.പി കൊലക്കേസ് പ്രതികളെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കൊണ്ടു പോയി മദ്യം വാങ്ങിക്കൊടുക്കുന്നത്. ക്രിമിനലുകളെയും കൊലപാതകികളെയും സംരക്ഷിക്കുന്ന പൊലീസ് പാവങ്ങളെ ക്രൂരമായി മർദ്ദിക്കുകയാണ്.കസ്റ്റഡി മർദ്ദനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ഡി.വൈ.എഫ്.ഐക്കാരനെ പൊലീസ് തല്ലിക്കൊന്ന കേസിലും മുഖ്യമന്ത്രിക്ക് പരാതി കിട്ടി.എന്നിട്ടും ഡി.വൈ.എഫ്.ഐക്കാരനെ തല്ലിക്കൊന്ന കേസിൽ നടപടി എടുക്കാത്ത മുഖ്യമന്ത്രി യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ മർദ്ദിച്ച കേസിൽ നടപടിയെടുക്കുന്നു. ലോക്കൽ സെക്രട്ടറിയുടെ കരണത്ത് അടിച്ചിട്ടു പോലും നടപടി എടുത്തിട്ടില്ല. ഇതൊന്നും ഇന്റലിജൻസ് സംവിധാനം മുഖ്യമന്ത്രിയെ അറിയിക്കുന്നില്ലെങ്കിൽ ആ ഇന്റലിജൻസ് സംവിധാനം പിരിച്ചു വിടണം. അല്ലെങ്കിൽ ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് നടപടി എടുക്കാതിരിക്കുന്നതെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയുടെ ചുമതല ഒഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
കുന്നംകുളം കേസിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണം. അവരെ പുറത്താക്കുന്നതു വരെ എം.എൽ.എമാരായ സനീഷ് കുമാറും എ.കെ.എം അഷറഫും അനിശ്ചിതകാല നിരാഹാര സത്യഗ്രഹമിരിക്കുമെന്നും മുഖ്യമന്ത്രിയുടെ നീണ്ടു നിൽക്കുന്ന പ്രഭാഷണമല്ല വേണ്ടത്, നടപടിയാണ് വേണ്ടതെന്നും പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |