കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പേ കുന്നത്തുനാട്ടിൽ ട്വന്റി20 ചുവരെഴുത്തു തുടങ്ങി.കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തലങ്ങളിൽ മതിലെഴുത്ത് പൂർത്തിയാക്കിക്കഴിഞ്ഞു,,രാഷ്ട്രീയത്തിന് അതീതമായ ഈ സംഘടന. നിലവിൽ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ ട്വന്റി 20 ഭരണമാണ്. ഇവയ്‌ക്കു പുറമെ പൂതൃക്ക, പുത്തൻകുരിശ്, തിരുവാണിയൂർ, വാഴക്കുളം പഞ്ചായത്തുകളിലെ മുഴുവൻ സീറ്റിലും ഇക്കുറി മത്സരിക്കും.
സ്ഥാനാർത്ഥിയുടെ പേരെഴുതാനുള്ള സ്ഥലം മാറ്റി വച്ച് വോട്ടഭ്യർത്ഥനയും ചിഹ്നവുമുള്ള മതിലുകൾ പ്രചാരണത്തിന് തയ്യാറായി. ചിഹ്നം മാത്രമുള്ള ചെറിയ പ്രചാരണ ബോർഡുകളും വാർഡ് തലത്തിൽ വിതരണം പൂർത്തിയായി. കുന്നത്തുനാട്ടിലെ മുഴുവൻ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സീറ്റിലേക്കും മത്സരത്തിനുള്ളവരെ നിശ്ചയിച്ചു. 90 ശതമാനം സീറ്റുകളും വനിതകൾക്കാണ്.
സംവരണ വാർഡുകൾ തീരുമാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ പ്രചാരണം കൊഴുപ്പിക്കും വിധം ആദ്യ റൗണ്ട് പ്രസ്താവനകൾ തയ്യാറായി. ബൂത്ത്, വാർഡ്, പഞ്ചായത്തുതല കൺവെൻഷനുകളും പൂർത്തിയായി. ഒക്ടോബർ 5ന് നിയോജക മണ്ഡലം ഹൈപവർ കമ്മിറ്റി കൺവെൻഷൻ കോലഞ്ചേരി ഹിൽടോപ്പിൽ നടത്തി പ്രചാരണ തന്ത്രങ്ങൾ പ്രഖ്യാപിക്കും. ഒരു വാർഡിൽ പ്രചാരണം നയിക്കാൻ 50 പേരെ വീതം നിയോഗിച്ചു. 10 വീടുകൾക്ക് ഒരാളെന്ന കണക്കിൽ ഹൈപവർ കമ്മിറ്റികൾരൂപീകരിച്ചു.
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി . തിയതി പ്രഖ്യാപിച്ചാലുടൻ പ്രചാരണം തുടങ്ങും
-ജിബി എബ്രഹാം
ട്വന്റി20 മണ്ഡലം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |