SignIn
Kerala Kaumudi Online
Saturday, 20 September 2025 2.17 PM IST

'അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര കരുണ എവ ച', ഭഗവത്‌ഗീതാ ശ്ളോകം ചൊല്ലി മുഖ്യമന്ത്രി; അയ്യപ്പസംഗമത്തിന്റെ ലക്ഷ്യം ചൂണ്ടിക്കാട്ടി പ്രസംഗം

Increase Font Size Decrease Font Size Print Page
pinarayi-vijayan

പത്തനംതിട്ട: ശബരിമലയ്ക്ക് തനതായ ചരിത്രവും ഐതിഹ്യങ്ങളും ഉണ്ടെന്നും അത് സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരെന്ന് കരുതപ്പെടുന്നവരുമായികൂടി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രസമൂഹത്തില്‍ നിന്നുള്ള തപസ്വിനിയായിരുന്നു ശബരി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണന്മാര്‍ ആ വഴി വരുന്നത് കാത്തിരുന്ന ശബരിയുടെ പേരിലാണ് പിന്നീടാ സ്ഥലംതന്നെ അറിയപ്പെട്ടത്. അതാണു ശബരിമല. ഇതാണ് ഐതിഹ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

ശബരിമല വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ, മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ്. ആ നിലയ്ക്കുതന്നെ ഈ ആരാധനാലയത്തെ നമുക്കു ശക്തിപ്പെടുത്തേണ്ടതുണ്ട്. അയ്യപ്പഭക്തന്മാര്‍ ഇന്ന് ലോകത്തെമ്പാടുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മഹാസംഗമത്തിന് ഒരു ആഗോളസ്വഭാവം കൈവരുന്നത്. നേരത്തെ കേരളത്തില്‍ നിന്നുമാത്രമുള്ള തീര്‍ത്ഥാടകരായിരുന്നു ശബരിമലയില്‍ എത്തിക്കൊണ്ടിരുന്നത്. പിന്നീട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തീര്‍ത്ഥാടകപ്രവാഹമുണ്ടായി.

ഇത്രയേറെ ആളുകള്‍ എത്തുമ്പോള്‍ ക്ഷേത്ര പ്രവേശനം സുഗമമാക്കാനും തീര്‍ത്ഥാടനം ആയാസരഹിതമാക്കാനും വലിയ തോതിലുള്ള ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളില്‍ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യുകയാണു ആവശ്യം. അതിനുകൂടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ ഭക്തജനസംഗമം.

ഇതിനോട് ഭക്തജനങ്ങള്‍, പ്രത്യേകിച്ച് അയ്യപ്പഭക്തര്‍ സര്‍വാത്മനാ സഹകരിക്കുന്നു എന്നുകാണുന്നത് സന്തോഷകരമാണ്. യഥാര്‍ത്ഥ ഭക്തര്‍ക്ക് ഇങ്ങനെയേ ചെയ്യാനാകൂ. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവര്‍ക്കു പ്രത്യേക അജണ്ടയും താല്‍പര്യങ്ങളുമുണ്ടാവാം. അവ മുന്‍നിര്‍ത്തി അവര്‍ ഭക്തജനസംഗമം തടയാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തിനോക്കി. അത് നമുക്ക് ബാധകമല്ല. ആ വഴിക്കുള്ള ശ്രമങ്ങളെ സുപ്രീം കോടതി തന്നെ വിലക്കി എന്നത് നമുക്കാകെ ആശ്വാസകരവുമാണ്. യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ല.

ഭഗവത്ഗീത തന്നെ യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ട്. ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ 12-ാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായാണുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, 'അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര കരുണ എവ ച' എന്നു തുടങ്ങുന്ന ഭാഗമാണ്. ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും ആയിരിക്കും ഭക്തന്‍ എന്നതാണ് ആ ഗീതാനിര്‍വചനം. അതിന് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണ് സത്യത്തില്‍ ഇത്. ഗീതയിലെ ഭക്തസങ്കല്പം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സംഗമം.

തീര്‍ത്തും മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയില്‍ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം എന്നു നമുക്കറിയാം. ഓരോ മതവും വിശ്വാസപ്രമാണവും തങ്ങളുടേതായ ആരാധനാലയങ്ങളും അനുബന്ധ രീതികളും പിന്തുടരുമ്പോള്‍, എല്ലാ ജാതി-മത ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം, എല്ലാവരും ഒരുമിച്ചൊന്നായി എത്തിച്ചേരുന്ന ഇടമാണ് ശബരിമല. 'കല്ലും മുള്ളും കാലുക്കുമെത്ത' എന്ന് ശരണം വിളിച്ചുകൊണ്ട് കഷ്ടപ്പെട്ട് കാനന പാതകള്‍ താണ്ടി, പതിനെട്ടാം പടി കയറി അവിടെ എത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നത് 'തത്വമസി' എന്ന ഉപനിഷദ് വചനമാണ്.

ഛാന്ദോക്യോപനിഷത്തിലെ ഈ വചനത്തിന്റെ പൊരുള്‍ 'അതു നീ തന്നെ' എന്നതാണെന്നു നമുക്കറിയാം. ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ത്ഥം. അഥവാ, അന്യരിലേക്കു കൂടി ഞാന്‍ എന്ന സങ്കല്‍പം ചേര്‍ന്നുനില്‍ക്കുകയാണ്. ഇങ്ങനെ അന്യരെക്കൂടി ഉള്‍ക്കൊള്ളുകയും, അന്യനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ അന്യത എന്നത് ഇല്ലാതാവുകയാണ്. അപരന്‍ എന്നൊരാള്‍ ഇല്ലാതാവുകയാണ്. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുകയാണ്. അതു തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം.

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രമണ മഹര്‍ഷിയുമൊക്കെ നമുക്കു തെളിയിച്ചുതന്ന തത്വമാണിത്. ഇതിന്റെ പ്രഘോഷണം നടത്തുന്ന ലോകത്തെ തന്നെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. അവിടെ അയ്യപ്പന് നിത്യവും ഉറക്കുപാട്ടാകുന്നത് 'ഹരിവരാസനം' ആണെന്ന് എല്ലാവര്‍ക്കുമറിയാം. ആ കൃതി ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്ററാണ്. അത് ആലപിച്ചതാകട്ടെ ജന്മംകൊണ്ട് ക്രൈസ്തവനായ യേശുദാസാണ്. സന്നിധാനത്തിലേക്കുള്ള യാത്രാമദ്ധ്യേ അയ്യപ്പഭക്തന്മാര്‍ തൊഴുതുനീങ്ങുന്നത് വാവര്‍ നടയിലൂടെയാണ്. വാവര്‍ ആകട്ടെ ഇസ്ലാമാണ്. മധ്യകേരളത്തില്‍ നിന്ന് മല ചവിട്ടാന്‍ പോകുന്ന അയ്യപ്പഭക്തര്‍ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങനെ സര്‍വധര്‍മ സമഭാവനയുടെ പ്രതീകമായിനില്‍ക്കുന്ന എത്ര ദേവാലയങ്ങളുണ്ട് ലോകത്തില്‍? അങ്ങനെ ആലോചിക്കുമ്പോഴാണ് ശബരിമലയ്ക്കുള്ള പ്രത്യേകത കൂടുതൽ കൂടുതൽ വ്യക്തമാവുക.

ശബരിമലയുടെ മതാതീത ആത്മീയത ഒരു അത്യപൂര്‍വതയാണ്. ഇതുലോകത്തിനുമുന്നില്‍ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അങ്ങനെ, രാജ്യാന്തരങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കഴിയണം. അതിനുതകുന്ന വിധത്തില്‍ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ആകര്‍ഷകമാക്കുകയും വേണം. മധുരയുടെയും തിരുപ്പതിയുടെയുമൊക്കെ മാതൃകയില്‍ ശബരിമലയെയും തീര്‍ത്ഥാടക ഭൂപടത്തില്‍ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുക എന്നതും ഈ അയ്യപ്പസംഗമത്തിന്റെ ലക്ഷ്യമാണ്.

ശബരിമലയുടെ സ്വീകാര്യത കൂടുതല്‍ സാര്‍വത്രികമാക്കുക, അവിടുത്തെ വികസന പദ്ധതികള്‍ പരിസ്ഥിതിക്ക് പരിക്കേല്‍ക്കാത്ത വിധം മുമ്പോട്ടു കൊണ്ടുപോവുക, തീര്‍ത്ഥാടനം കൂടുതല്‍ ആയാസരഹിതമാക്കുക തുടങ്ങിയവയാണ് ഈ സംഗമത്തിന്റെ ഉദ്ദേശം. ഇതൊക്കെ എങ്ങനെ സാദ്ധ്യമാക്കണം എന്നതുസംബന്ധിച്ച നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യം നല്‍കി ദേവസ്വം ബോര്‍ഡും സര്‍ക്കാരും മുമ്പോട്ടുപോകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കഴിഞ്ഞ 75 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രപ്രദര്‍ശനവും ശബരിമലയുമായി ബന്ധപ്പെട്ട കലാരൂപങ്ങളുടെയും മറ്റ് കേരളീയ കലാരൂപങ്ങളുടെയും പ്രദര്‍ശനങ്ങളും ഈ സംഗമത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൂടെ ശബരിമലയുടെ ഖ്യാതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും മാത്രമല്ല, കേരളത്തിന്റെ സവിശേഷതകളും ലോകമെമ്പാടും എത്തിച്ചേരും.

ഇത്ര കാലവുമില്ലാത്ത ഈ സംഗമം ഇപ്പോള്‍ എന്തുകൊണ്ടാണ് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മാറുന്ന കാലത്തിന് അനുസരിച്ച് തീര്‍ത്ഥാടകപ്രവാഹം വര്‍ദ്ധിക്കുമ്പോള്‍ അത് ആവശ്യപ്പെടുന്ന രീതിയില്‍ ഉയര്‍ന്നു ചിന്തിക്കേണ്ടതുകൊണ്ട് എന്നതാണ് ഇതിനുത്തരം.പെട്ടെന്നൊരു സുപ്രഭാതത്തില്‍ തീരുമാനിച്ചതല്ല ഈ അയ്യപ്പസംഗമം. വര്‍ഷങ്ങള്‍ നീണ്ട ആലോചനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇത്തരമൊരു പരിപാടിയിലേക്ക് എത്തിയത്. മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പലരും ഇങ്ങോട്ടു വിളിച്ച് ശബരിമലയെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കേണ്ടതിനെപ്പറ്റി സംസാരിക്കാറുണ്ട്. ഇരുമുടിക്കെട്ടുമായി വിമാനത്തില്‍ വരുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നു ആവശ്യപ്പെടാറുണ്ട്. പ്രശ്‌നപരിഹാരത്തിനു യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെയാണു സത്യത്തില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള ചിന്തകളുടെ തുടക്കം. തുടര്‍ന്ന് ശാസ്ത്രീയമായ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയുണ്ടായി. ശബരി റെയില്‍പ്പാതയും, റോപ്പ് വേയും, വിമാനത്താവളങ്ങളും ഒക്കെ ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്ലാനാണിത്. ഈ മാസ്റ്റര്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ ഈ സംഗമത്തില്‍ ചര്‍ച്ച ചെയ്യും. വിവിധ മേഖലകളിലെ വിദഗ്ദ്ധരടക്കം ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS: PINARAYI VIJAYAN, GLOBAL AYYAPPA SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.