ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ഐക്യത്തോടെ പ്രവർത്തിക്കാനും മാദ്ധ്യമങ്ങളിൽ പല അഭിപ്രായങ്ങൾ പറയുന്നത് ഒഴിവാക്കാനും കേരളത്തിലെ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം. ഡൽഹിയിൽ ഇന്ദിരാഭവനിൽ നടന്ന യോഗത്തിൽ സംസ്ഥാനത്ത് നേതൃമാറ്റം ചർച്ചയായില്ല.
മാറ്റം ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് വിജയം നേടാനുള്ള തന്ത്രങ്ങളാണ് ചർച്ച ചെയ്‌തതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞാൽ കർശന നടപടിയുണ്ടാകും. പാർട്ടിയിൽ ഐക്യമില്ലെന്ന തെറ്റായ സന്ദേശമാണ് മാദ്ധ്യമങ്ങൾ നൽകുന്നത്. ഏപ്രിലിൽ മല്ലികാർജ്ജുൻ ഖാർഗെ,രാഹുൽ ഗാന്ധി എന്നിവർ പങ്കെടുക്കുന്ന യോഗത്തോടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് തുടക്കമാവും.
ഇന്നലെ വൈകിട്ട് നാല് മുതൽ നടന്ന ചർച്ചയിൽ കേരളാ നേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകി. അനൈക്യം ദോഷം ചെയ്യുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഒരു തർക്കവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പിന്തുണച്ചു. തർക്ക വിഷയങ്ങൾ ആരും ഉന്നയിച്ചില്ല. ഒന്നിച്ചുള്ള ചർച്ച മാത്രമാണ് നടന്നത്.പ്രവർത്തക സമിതിയിലെ ക്ഷണിതാവ് രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം.സുധീരൻ, രാഷ്‌ട്രീയ കാര്യസമിതി അംഗങ്ങളായ പി.ജെ.കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ഷാനിമോൾ ഉസ്‌മാൻ, സംസ്ഥാന നേതാക്കളായ റോജി എം. ജോൺ, പി.സി. വിഷ്‌ണുനാഥ്, ടി.എൻ.പ്രതാപൻ, വനിതാ നേതാക്കളായ ജെബി മേത്തർ, ബിന്ദു കൃഷ്‌ണ, പി.കെ. ജയലക്ഷ്‌മി എന്നിവർക്കൊപ്പം കേരളത്തിലെ കോൺഗ്രസ് എംപിമാരും പങ്കെടുത്തു.
കെ.സി. വേണുഗോപാൽ:
കേരളത്തിലെ ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കാനുള്ള റോഡ് മാപ്പാണ് യോഗം ചർച്ച ചെയ്‌തത്. സമ്പൂർണ ഐക്യത്തിനായി ആഹ്വാനം ചെയ്‌തു.
കെ.സുധാകരൻ:
വരുന്ന തിരഞ്ഞെടുപ്പിൽ ഭരണം യു.ഡി.എഫ് തട്ടിയെടുക്കുമെന്ന പ്രതിജ്ഞയെടുത്താണ് യോഗം പിരിഞ്ഞത്. അതിനുള്ള പോരാട്ടത്തിന് തുടക്കമിടും.
വി.ഡി. സതീശൻ
തിരഞ്ഞെടുപ്പ് തയാറെടുപ്പിന് ദിശാബോധം നൽകുന്നതിനുള്ള നിർദ്ദേശങ്ങളാണ് ദേശീയ നേതൃത്വം നൽകിയത്. ഒരു ടീമായി പോകും. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുമെന്നത് മാദ്ധ്യമ വാർത്തകൾ മാത്രമാണ്.
ഖാർഗെ:
കേരളത്തിൽ മാറ്റം അനിവാര്യം. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |