വ്യക്തിപരമായ വളർച്ചയ്ക്കുവേണ്ടിയാണ് കോൺഗ്രസിൽ പല നേതാക്കളും എത്തിയിരിക്കുന്നതെന്ന് തുറന്നുപറഞ്ഞ് ബിജെപി നേതാവും മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ. തന്റേത് അഡംബരം കലർന്ന ജീവിതമാണെന്ന് പലരും വിമർശിക്കാറുണ്ടെന്നും അവർ പറഞ്ഞു. സുരേഷ്ഗോപിയും മാദ്ധ്യമങ്ങളുമായുളള പ്രശ്നങ്ങളെക്കുറിച്ചും പത്മജ സംസാരിച്ചു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ കോൺഗ്രസിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
'ജോലി ചെയ്യാനുളള സ്വാതന്ത്ര്യം എനിക്ക് ബിജെപിയിൽ നിന്ന് ലഭിക്കുന്നുണ്ട്. പല മോശം അനുഭവങ്ങൾ ഉണ്ടായിട്ടും ഞാൻ കോൺഗ്രസിൽ തന്നെ പിടിച്ചുനിന്നു. കൂട്ടം ചേർന്ന് പലരും ആക്രമിക്കുകയായിരുന്നു. ഞാൻ നേതൃത്വത്തിനോട് പരാതി പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. കോൺഗ്രസിൽ സ്ഥാനങ്ങളൊന്നും കിട്ടാതെ വന്നതുകൊണ്ടല്ല ഞാൻ പാർട്ടി വിട്ടത്. കോൺഗ്രസ് സ്ഥാനങ്ങളൊക്കെ തരും. പക്ഷെ ആ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കാനുളള സാഹചര്യം നൽകില്ല. എന്നിട്ടും എന്നെ സഹായിക്കാൻ കോൺഗ്രസിൽ ആളുകൾ ഉണ്ടായിരുന്നു. പക്ഷെ അവർക്കും നിബന്ധനകൾ ഉണ്ടായിരുന്നു.
കോൺഗ്രസിൽ സഹോദരൻ ഉളളതുകൊണ്ട് തന്നെ എനിക്ക് കഴിവുകൾ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. വേറെ പാർട്ടിയിൽ പോയാൽ ഇങ്ങനെയുളള പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്റെ അച്ഛൻ ഏറെ സ്‌നേഹിച്ച ജനവിഭാഗങ്ങളാണ് എന്നെ ചീത്ത പറയുന്നത്. അത് എനിക്ക് വ്യക്തമായിട്ട് അറിയാം. ഒരു ദിവസം കെപിസിസി പ്രസിഡന്റിന്റെ മുൻപിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അത് വിഷമമായി. കോൺഗ്രസ് പ്രസ്ഥാനത്തിനോട് ദേഷ്യം തോന്നിയിട്ടില്ല. നേതാക്കളോടാണ് ദേഷ്യമുളളത്. അവരുടെ രാഷ്ട്രീയ രീതി ഇഷ്ടമല്ല. എന്റെ അച്ഛന്റേത് ആ രീതി അല്ലായിരുന്നു. കോൺഗ്രസിൽ ഓരോ നേതാക്കൾക്കും ഓരോ ഗ്രൂപ്പ് എന്നാണ്. വ്യക്തികളെയാണ് വളർത്താൻ നോക്കുന്നത്. കോൺഗ്രസിനെയല്ല. കൈയിൽ പണമുണ്ടെങ്കിൽ കോൺഗ്രസിൽ നല്ല നേതാവാകാൻ കഴിയും. സാധാരണക്കാരന് അതിന് സാധിക്കില്ല.
സമ്പന്നയായ രാഷ്ട്രീയ പ്രവർത്തക എന്ന മുഖമാണ് എനിക്കുളളത്. സ്വർണാഭരണങ്ങൾ അണിയാത്ത വ്യക്തിയാണ് ഞാൻ. ആകെയുളളത് ഗുരുവായൂരപ്പന്റെ ഒരു സ്വർണ മോതിരം മാത്രമാണ്. കല്യാണത്തിന്റെ ഫോട്ടോ കണ്ടാൽ മനസിലാകും. എന്റെ നിറമാണ് എല്ലാവർക്കും പ്രശ്നം. എനിക്ക് ഈ നിറം ലഭിച്ചത് അച്ഛന്റെ അമ്മയിൽ നിന്നാണ്. കരിവാരിതേച്ചിട്ട് നടക്കണോയെന്നുപോലും ഞാൻ ചോദിച്ചിട്ടുണ്ട്. ഒന്നും ചെയ്യാൻ കഴിയില്ല. എനിക്ക് തുണികളോട് ഇഷ്ടമാണ്. എന്റെ അച്ഛൻ പണക്കാരനല്ല. ഒരു അഴിമതിയും കാണിച്ചിട്ടില്ല. അച്ഛൻ എംഎൽഎ ആയിരുന്നപ്പോഴാണ് ഞാൻ ജനിച്ചത്. എന്റെ സഹോദരന് ലഭിച്ച സൗകര്യങ്ങൾ മാത്രമേ എനിക്കും ലഭിച്ചിട്ടുളളൂ. എന്റെ അച്ഛൻ നന്നായി വസ്ത്രം ധരിച്ച് നടക്കുന്ന വ്യക്തിയായിരുന്നു. ഞാനും അങ്ങനെയാണ്. എന്റെ വാച്ചിന് വില വെറും 1000 രൂപയാണ്.
അച്ഛന്റെ സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ട ചുമതല എന്നെ ഏൽപ്പിച്ചിരുന്നു. ഒരാളും എന്നെ സഹായിച്ചിട്ടില്ല. അച്ഛന് ഇത്രയും വലിയ സ്മാരകം എന്തിനാണെന്ന് ഒരു യുവനേതാവ് ചോദിച്ചു. ഞാനത് കേട്ടു. തൃശൂരിലുളള ഒരു റോഡിന് പോലും അച്ഛന്റെ പേരിട്ടിട്ടില്ല. സുരേഷ്‌ഗോപി മകൾ മരിച്ച സങ്കടം പോലും വന്നുപറഞ്ഞ് കരഞ്ഞത് അച്ഛനോടായിരുന്നു. ആ സമയത്തായിരുന്നു എന്റെ അമ്മയും മരിച്ചത്. അദ്ദേഹം പറയുന്നത് എല്ലാം സത്യമാണ്. അതാണ് അദ്ദേഹത്തിന്റെ സ്വഭാവം. അത് ഇന്നത്തെ രാഷ്ട്രീയത്തിന് ചേർന്നതല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അത് മാറ്റാൻ സാധിക്കില്ല. ഇനിയും സുരേഷ്ഗോപി പഠിക്കേണ്ടതുണ്ട്. അദ്ദേഹം പച്ചയായ മനുഷ്യനാണ്'- പത്മജ വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |