ന്യൂഡൽഹി: കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ വാർത്തകൾ തെറ്റാണെന്നും ഉചിത സമയത്ത് തീരുമാനമുണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പുതിയ അദ്ധ്യക്ഷനെ ഇന്നലെ പ്രഖ്യാപിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു.
മാദ്ധ്യമങ്ങൾ വാർത്ത മെനയുകയാണ്. പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള അവകാശമെങ്കിലും പാർട്ടിക്ക് തരണം. പാർട്ടി നേതൃത്വം ഉചിതസമയത്ത് തീരുമാനിച്ച് മാദ്ധ്യമങ്ങളെ അറിയിക്കും. കെ.പി.സി.സി അദ്ധ്യക്ഷ നിയമനത്തിൽ റോബർട്ട് വാധ്രയും പ്രിയങ്ക ഗാന്ധിയും ഇടപെട്ടെന്നു പോലും വാർത്ത വന്നു. ഇന്നുവരെ കേരളത്തിലെ ഒരു സംഘടനാകാര്യത്തിലും പ്രിയങ്ക ഇടപെട്ടിട്ടില്ല. എവിടെനിന്നാണ് ഇത്തരം വാർത്ത കിട്ടുന്നതെന്ന് പറയണം. വിവരം നൽകുന്ന ആളെ അറിഞ്ഞാൽ ഞങ്ങൾക്ക് കൈകാര്യം ചെയ്യാമല്ലോ. മാദ്ധ്യമങ്ങളോട് കടക്കു പുറത്തെന്ന് പറയുന്നവരല്ല ഞങ്ങൾ. എന്നാൽ ഇപ്പോഴത്തെ മാദ്ധ്യമ വിചാരണ ശരിയല്ല. കേരളത്തിൽ നിന്ന് ഡൽഹിയിൽ മടങ്ങിയെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമാണ് വേണുഗോപാൽ പ്രതികരിച്ചത്.
എ.കെ. ആന്റണിയെ സന്ദർശിച്ച് സുധാകരൻ
കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്രുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ മുറുകുന്നതിനിടെ ,മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ സന്ദർശിച്ച് കെ.സുധാകരൻ. ഇപ്പോഴത്തെ വിവാദങ്ങളിൽ തനിക്കുള്ള അസംതൃപ്തി സുധാകരൻ ആന്റണിയെ ധരിപ്പിച്ചതായാണ് സൂചന. എന്നാൽ ആന്റണിയുമായി തലസ്ഥാനത്തുള്ളപ്പോഴെല്ലാം സുധാകരൻ ആശയവിനിമയം നടത്താറുള്ളതാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനാണ് തീരുമാനമെങ്കിൽ സ്വയം
മാറാമെന്നും എന്നാൽ പൊതു ചർച്ചയ്ക്ക് വഴി തുറന്ന് തന്നെ അപമാനിക്കരുതെന്നും ആന്റണിയോട് സുധാകരൻ അഭ്യർത്ഥിച്ചതായി അറിയുന്നു.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം വഴുതക്കാട് ഈശ്വരവിലാസം റോഡിലുള്ള ആന്റണിയുടെ വീട്ടിലെത്തിയത്. കൂടിക്കാഴ്ച 10 മിനിട്ടോളം നീണ്ടു നിന്നു.
മുതിർന്നവർ പക്വത കാട്ടണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കെ.പി.സി.സി പ്രസിഡന്റ് മാറ്റവുമായി ബന്ധപ്പെട്ടുയർന്ന ആശയക്കുഴപ്പം നീക്കാൻ ദേശീയ നേതൃത്വം ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ . പത്തനംതിട്ട ഡി.സി.സി യിൽ മാദ്ധ്യമ പ്രർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ കാണിക്കുന്ന പക്വത മുതിർന്ന നേതാക്കളും കാണിക്കണം. ചെറുപ്പക്കാരാരും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. വാർത്താമുഖമാകാനാണ് നേതാക്കൾക്ക് താത്പര്യം. യുവ നേതാക്കൾക്ക് ഒന്നും പറയാൻ ഇല്ലാഞ്ഞിട്ടല്ല. ആ വിമർശനം കൂടി താങ്ങാനുള്ള ശേഷി പാർട്ടിക്കില്ല. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് ആസന്നമായിരിക്കവേയാണ് പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. അങ്കണവാടി തിരഞ്ഞെടുപ്പല്ല വരാനിരിക്കുന്നതെന്ന ബോദ്ധ്യം നേതാക്കൾക്കുണ്ടാകണം. പുതിയ പ്രസിഡന്റ് വേണമോ വേണ്ടയോ എന്ന തർക്കം നേതാക്കളിലും പ്രവർത്തകരിലും അനിശ്ചിതത്വം സൃഷ്ടിക്കും. കെ. സുധാകരൻ നല്ല നേതാവാണ്. കേരളത്തിൽ എവിടെ ചെന്നാലും നാലുപേർ അദ്ദേഹത്തെ കാണാനുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |