ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രഭരണ പ്രദേശത്ത് ത്രിതല സുരക്ഷ മറികടന്ന് ഭീകരാക്രമണം നടന്നതിൽ ഇന്റലിജൻസ് വീഴ്ചയുണ്ടെന്നും അതേക്കുറിച്ച് സമഗ്രമായ വിശകലനം നടത്തണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പ്രവർത്തക സമിതി അടിയന്തരയോഗം ചേർന്ന് ഭീകരാക്രമണത്തെ അപലപിച്ചു. പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്ന് രാജ്യമെമ്പാടും, സംസ്ഥാന, ജില്ലാ തലങ്ങളിൽ മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
വിശാലമായ പൊതുതാൽപ്പര്യം മുൻനിർത്തിയാണ് സുരക്ഷാ വീഴ്‌ച ഉന്നയിക്കുന്നതെന്ന് പ്രവർത്തക സമിതി പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ഉടൻ ആരംഭിക്കുന്ന അമർനാഥ് യാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് സുരക്ഷ ഉറപ്പാക്കണം.
പാകിസ്ഥാൻ ആസൂത്രണം ചെയ്ത ഭീകരപ്രവർത്തനം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾക്കു നേരെയുള്ള ആക്രമണമാണ്. രാജ്യത്തുടനീളം വികാരം ആളിക്കത്തിക്കുന്നതിനാണ് ഹിന്ദുക്കളെ മനഃപൂർവ്വം ലക്ഷ്യം വച്ചത്. ഇക്കാര്യത്തിൽ ശാന്തത പാലിക്കുകയും കൂട്ടായ ശക്തിയോടെ പ്രതികൂല സാഹചര്യങ്ങളെ നേരിടുകയും വേണം. അതിർത്തി കടന്നുള്ള ഭീകരതയെ ഐക്യത്തോടെ നേരിടാൻ കോൺഗ്രസ് ദൃഢനിശ്ചയം ചെയ്യുന്നു.
ഇന്ത്യ എന്ന ആശയം ഉൾക്കൊണ്ട് വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുകയും രക്തസാക്ഷിത്വം വരിക്കുകയുംചെയ്ത പ്രാദേശിക കുതിരക്കാർക്കും ടൂറിസ്റ്റ് ഗൈഡുകൾക്കും പ്രവർത്തകസമിതി ആദരാഞ്ജലികൾ അർപ്പിച്ചു.
ഐക്യം ആവശ്യമായ ദുരന്തസമയത്ത്, ബി.ജെ.പി സമൂഹമാദ്ധ്യമങ്ങൾ വഴി ധ്രുവീകരണവും വിഭജനവും നടത്താൻ ശ്രമിക്കുന്നതായി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |