□50 ശതമാനം സംവരണ പരിധി എടുത്തു കളയണം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പൊതു സെൻസസിനൊപ്പം നടത്തുമെന്ന് പ്രഖ്യാപിച്ച ജാതി സെൻസസ് ഉദ്യോഗസ്ഥ നടപടി മാത്രമായി ഒതുങ്ങരുതെന്നും ശാസ്‌ത്രീയമായി വിശകലനം ചെയ്‌തുള്ള ഡാറ്റയായിരിക്കണമെന്നും ഓർമ്മിപ്പിച്ച് കോൺഗ്രസ് പ്രവർത്തക സമിതി. ജാതി സെൻസസ് സമയബന്ധിതമായി നടപ്പാക്കണമെന്നും, സംവരണത്തിനുള്ള 50 ശതമാനം പരിധി എടുത്തു കളയണമെന്നും ഇന്നലെ ചേർന്ന അടിയന്തര പ്രവർത്തക സമിതിയോഗം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
11 വർഷത്തെ മൗനത്തിന് ശേഷം കേന്ദ്രസർക്കാർ ജാതി സെൻസസിനായി തീരുമാനമെടുത്തത് സ്വാഗതം ചെയ്യുന്നു. കോൺഗ്രസ് നിരവധി തവണ പ്രധാനമന്ത്രിക്ക് അടക്കം ഇക്കാര്യത്തിൽ നിവേദനങ്ങൾ നൽകിയിരുന്നു. ജാതി സെൻസസ് നടപടി വൈകിപ്പിക്കാൻ പാടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളെയും പൂർണ്ണ വിശ്വാസത്തിലെടുക്കണം. പാർലമെന്റിൽ വിഷയത്തിൽ ഉടൻ ചർച്ച നടത്തണം. സെൻസസിന്റെ ഓരോ ഘട്ടത്തിനും ഡാറ്റയുടെ അന്തിമ പ്രസിദ്ധീകരണത്തിനും ആവശ്യമായ ഫണ്ട് സർക്കാർ ഉടനടി അനുവദിക്കണം.സെൻസസിന് വ്യക്തമായ സമയപരിധി പ്രഖ്യാപിക്കുകയും ഓരോ ഘട്ടവും സുതാര്യമാണെന്ന് ഉറപ്പിക്കുകയും വേണം. സംവരണം, ക്ഷേമപദ്ധതികൾ, വിദ്യാഭ്യാസ പ്രവേശനം, തൊഴിലവസരങ്ങൾ തുടങ്ങിയ മേഖലകളിലെ വിശാലമായ അവലോകനത്തിന് അടിസ്ഥാനമായി ശേഖരിക്കുന്ന ഡാറ്റ പ്രവർത്തിപ്പിക്കണം. തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ജാതി സർവെ മാതൃകയാക്കണം. ശരിയായി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്ന ജാതി സെൻസസ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകുമെന്ന് വിശ്വസിക്കുന്നതായും പ്രമേയത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |