തിരുവനന്തപുരം: മോദി സ്തുതിയിലൂടെയും മറ്റും കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിന് പിന്നാലെ, യൂത്ത് കോൺഗ്രസിനെതിരായ മുതിർന്ന നേതാവ് പി.ജെ.കുര്യന്റെ വിമർശനവും പാർട്ടിക്ക് പ്രഹരമായി. കുര്യന് അതേ നാണയത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകിയെങ്കിലും, ഇന്നലെയും കുര്യൻ നിലപാട് ആവർത്തിച്ചു. കുര്യന്റെ പ്രസ്താവനയെ രമേശ് ചെന്നിത്തല പിന്തുണച്ചപ്പോൾ, കുര്യൻ ലക്ഷ്യം വച്ചത് സംഘടനയുടെ ശാക്തീകരണമാണെന്ന മയപ്പെട്ട നിലപാടാണ് സണ്ണി ജോസഫ് പ്രകടിപ്പിച്ചത്.കെ.എസ് .യു നേതാക്കളും കുര്യനെതിരെ തിരിഞ്ഞിട്ടുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ള രണ്ടാം നിരയുടെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടതിന് പിന്നാലെയാണ് കുര്യൻ വെടി പൊട്ടിച്ചത്. യൂത്ത് കോൺഗ്രസിനെ വിമർശിച്ചതിലുപരി, എസ്.എഫ്.ഐയുടെ സർവകലാശാല സമരത്തെ പുകഴ്ത്തിയതാണ് യൂത്ത് നേതാക്കളെ പ്രകോപിപ്പിച്ചത്. കുര്യന്റെ വിമർശനം ശുദ്ധഗതിയിലുള്ളതല്ലെന്ന അഭിപ്രായമാണ് പല നേതാക്കൾക്കുമുള്ളത്. പ്രത്യേകിച്ച് തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളിലേക്ക് കടക്കുമ്പോൾ.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ വല്ലപ്പോഴും ടി.വിയിലൊക്കെ കാണാമെന്നും, എന്തു കൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചു കൂട്ടുന്നില്ലെന്നുമായിരുന്നു കുര്യന്റെ ചോദ്യം. കുടുംബ സംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കുറവായിരിക്കാം. എന്നാൽ ആ കുറവ് തെരുവിലെ സമരങ്ങളിളില്ലെന്ന് അതേ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മറുപടിയും നൽകി. ഗ തന്റെ മണ്ഡലത്തിൽ പോലും യുവനേതാക്കളെ കാണാനില്ലെന്ന് ഇന്നലെയും കുര്യൻ തുറന്നടിച്ചു. പാർട്ടിക്ക് വേണ്ടി പറഞ്ഞതാണെന്നും കുര്യൻ വ്യക്തമാക്കി.
കുര്യന്റെ വിമർശനം കേൾക്കാൻ മനസില്ലെന്ന്
യൂത്ത് കോൺഗ്രസ് സംഘടന ദുർബലമാണെന്ന പി. ജെ കുര്യന്റെ വിമർശനം ഉൾക്കൊള്ളാൻ മനസില്ലെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നത് വിവാദത്തിന് കൊഴുപ്പു കൂട്ടി. യൂത്ത് കോൺഗ്രസ് നേതാക്കളുടെ വാട്ടസ്ആപ്പ് ഗ്രൂപ്പിലായിരുന്നു പരാമർശം. യൂത്ത് കോൺഗ്രസിനെ എസ്. എഫ് .ഐയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഏതെങ്കിലും ഒരു നേതാവിന്റെ ഗുഡ് സർട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അതിൽ പറയുന്നു.
'കുര്യൻ ലക്ഷ്യം വച്ചത് സംഘടനയുടെ ശാക്തീകരണം. പാർട്ടി കൂടുതൽ ശക്തമാവണമെന്ന് സീനിയർ കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല.
-സണ്ണിജോസഫ്
കെ.പി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |