തിരുവനന്തപുരം : തൃശൂർ ജില്ലാ സമ്മേളനത്തിലെ അസാധാരണ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ജില്ലാ സമ്മേളനം നിയന്ത്രിച്ച നേതൃത്വത്തിന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന കൗൺസിലിലും വിമർശനം.
ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ജില്ലാ സമ്മേളനത്തിൽ നിന്നും നാട്ടിക എം.എൽ.എ സി.സി.മുകുന്ദൻ ഇറങ്ങിപ്പോയ നടപടി സംഭവിച്ചു കൂടാത്തതാണ് .
പാർട്ടി സംസ്ഥാന സെക്രട്ടറിയടക്കം സമ്മേളനത്തിലുണ്ടായിരുന്നു. മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്നും ഒഴിവാക്കിയതിനെ സംബന്ധിച്ച് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താൻ തൃശൂരിലെ പാർട്ടി നേതൃത്വത്തിനോ സംസ്ഥാന നേതാക്കൾക്കോ സാധിച്ചില്ല. ബ്രാഞ്ചു മുതൽ മണ്ഡലം സമ്മേളനങ്ങൾ വരെ വിവാദങ്ങൾ ഇല്ലാതെയാണു മുന്നോട്ടു പോയത്. ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് പോകാനിരിക്കെ തൃശൂരിലെ സംഭവം പാർട്ടിയുടെ സൽപ്പേരിനെയും ബാധിച്ചു.
മുകുന്ദനെയും ജില്ലാ കൗൺസിലിൽ ഉൾപ്പെടുത്താൻ നേതൃത്വം സന്നദ്ധമാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുകുന്ദന്റെ കാര്യത്തിൽ പാർട്ടി പുനരാലോചന നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകി. സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളായിരുന്നു പ്രധാന അജണ്ട. ഇന്നും സംസ്ഥാന കൗൺസിൽ തുടരും.
കെ.ഇ. ഇസ്മയിലിന്റെ
അംഗത്വം പുതുക്കും
തിരുവനന്തപുരം: കെ.ഇ.ഇസ്മയിന്റെ പാർട്ടി മെമ്പർഷിപ്പ് പുതുക്കി നൽകാൻ സി.പി.ഐ എക്സിക്യുട്ടീവിൽ തീരുമാനം. പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ സസ്പെൻഷനിൽ തുടരുന്ന കെ.ഇ.ഇസ്മായിലിന് മെമ്പർഷിപ്പ് പുതുക്കി നൽകാൻ അവസരം നൽകണമെന്ന് പൊതുവിൽ ഉയർന്ന നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയിൽ നടത്തിയ പരസ്യ പ്രതികരണങ്ങളെ തുടർന്നാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സസ്പെൻഷൻ.
സി.സി.മുകുന്ദനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം
തൃശൂർ: സി.പി.ഐ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് കടുത്ത അതൃപ്തി അറിയിക്കുകയും സമ്മേളനം പൂർത്തിയാകും മുൻപ് ഇറങ്ങുപ്പോരുകയും തന്റെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത സി.സി.മുകുന്ദൻ എം.എൽ.എയെ അനുനയിപ്പിക്കാൻ നീക്കം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുകുന്ദനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് സിറ്റിംഗ് എം.എൽ.എയെ പിണക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |