മധുര: സി.പി.എം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നുള്ള മൂന്ന് ഒഴിവുകളിലേക്ക് പി.കെ. സൈനബ, പി.കെ. ബിജു, ദിനേശൻ പുത്തലത്ത് എന്നിവർക്ക് സാദ്ധ്യത. വിരമിക്കുന്നവരുടെ ഒഴിവുകൾ നികത്തി കേന്ദ്ര കമ്മിറ്റി അംഗബലം 85 ആയി നിലനിറുത്തുമെന്നാണ് സൂചന. പാർട്ടി കോൺഗ്രസിന്റെ സമാപന ദിവസമായ ഇന്നാണ് തിരഞ്ഞെടുപ്പ്.
പൊളിറ്റ് ബ്യൂറോയിലേക്ക് പാർട്ടി സെന്റർ പ്രതിനിധിയായി വിജു കൃഷ്‌ണൻ, വനിതയെന്ന നിലയിൽ കെ.കെ. ശൈലജ, എം.പി എന്ന നിലയിൽ കെ. രാധാകൃഷ്‌ണൻ എന്നിവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നു. കേന്ദ്ര കമ്മിറ്റിയിലേക്ക് ടി.എൻ. സീമ, മേഴ്സിക്കുട്ടി അമ്മ, വി.എൻ.വാസവൻ, മുഹമ്മദ് റിയാസ്, ടി.പി. രാമകൃഷ്‌ണൻ എന്നീ പേരുകളും ചർച്ചയിലുണ്ട്.
അന്തരിച്ച സീതാറാം യെച്ചൂരി, പ്രായപരിധി കാരണം ഒഴിയുന്ന പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ, സുര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി. രാമകൃഷ്ണൻ എന്നിവരുടെയും ഒഴിവുകളാണ് പിബിയിൽ വരുന്നത്. പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകും.
കാരാട്ടിന് പകരം കേന്ദ്രത്തിൽ നിന്ന് ലോക് ലെഹർ എഡിറ്റർ കൂടിയായ രാജേന്ദ്ര ശർമ്മയും തമിഴ്നാട്ടിൽ നിന്ന് ജി. രാമകൃഷ്ണന് പകരം കെ. ബാലകൃഷ്ണനും വന്നേക്കും. സുര്യകാന്ത് മിശ്രയ്‌ക്ക് പകരം ബംഗാളിൽ നിന്ന് സാദ്ധ്യത സുജൻ ചക്രവർത്തിക്കോ ഡെബ്ളീനാ ഹെബ്രാമിനോ ആണ്.
വൃന്ദാ കാരാട്ടിനും സുഭാഷിണി അലിക്കും പകരം യു. വാസുകി, കെ. ഹേമലത എന്നിവർക്കാണ് മുൻഗണന. മരിയം ധാവളെ കെ.കെ. ശൈലജ എന്നിവരുടെ പേരും കേൾക്കുന്നു. മണിക്ക് സർക്കാരിന് പകരം ത്രിപുര സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജിതേന്ദ്ര ചൗധരിക്ക് അവസരം ലഭിച്ചേക്കും. അരുൺകുമാറിനും പി.ബിയിലേക്ക് സ്ഥാനയക്കറ്റത്തിന് സാദ്ധ്യതയുണ്ട്. പുതിയ സെക്രട്ടറിമാരായ അജിത് നവാലെ(മഹാരാഷ്‌ട്ര), അനുരാഗ് സക്‌സേന(ഡൽഹി) എന്നിവർ കേന്ദ്രകമ്മിറ്റിയിലെത്തും.
കേന്ദ്ര കമ്മിറ്റി ഒഴിവ്
പ്രായപരിധിയും ആരോഗ്യപ്രശ്‌നങ്ങളും കാരണം ഒഴിയുന്ന പ്രകാശ് കാരാട്ട്, മണിക് സർക്കാർ, വൃന്ദാ കാരാട്ട്, സുഭാഷിണി അലി, ജി. രാമകൃഷ്ണൻ, മുഹമ്മദ് യൂസഫ് തരിഗാമി, പി.കെ. ശ്രീമതി, എ.കെ. ബാലൻ, സുര്യകാന്ത് മിശ്ര, റബിൻദേബ്, രേഖാ ഗോസ്വാമി(പശ്ചിമ ബംഗാൾ), ജോഗേന്ദ്ര ശർമ്മ(ഡൽഹി), ഉദയ് നർകർ(മഹാരാഷ്‌ട്ര) അന്തരിച്ച സീതാറാം യെച്ചൂരി, കെ.എം. തിവാരി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ ഒഴിവുകളാണ് കേന്ദ്ര കമ്മിറ്റിയിൽ വരിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |