കുമളി: ഇന്നത്തെ പൊതുപണിമുടക്കിന് ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. അടിമാലി വടക്കേക്കര സ്വദേശി വിഷ്ണു രാധാകൃഷ്ണനാണ് സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കുമളി മുല്ലപ്പെരിയാർ ന്യൂ ഡാം ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ഈ ഓഫീസിലെ ക്ലർക്കാണ് വിഷ്ണു. കഴിഞ്ഞ ഡിസംബറിൽ ജോലി കിട്ടിയ വിഷ്ണു പരിശീലന കാലവധിയായതിനാൽ പണിമുടക്കായിരുന്നിട്ടും ഇന്ന് ജോലിക്ക് എത്തുകയായിരുന്നു.
ഓഫീസ് തുറന്നതോടെ പ്രാദേശിക സിപിഎം പ്രവർത്തകർ എത്തി ഓഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പരിശീലന കാലാവധിയായതിനാൽ പണിമുടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് വിഷ്ണു സമരാനുകൂലികളെ അറിയിച്ചു. വിഷ്ണു ഉൾപ്പെടെ എട്ടുപേർ ഈ സമയം ഓഫീസിൽ ഉണ്ടായിരുന്നു. ആ സമയം അവിടെനിന്നുപോയ സി പി എം പ്രവർത്തകർ പിന്നീട് കൂടുതൽ പ്രവർത്തകരുമായി തിരികെ വന്ന് വിഷ്ണുവിനെ സംഘം ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
വനിതാ ജീവനക്കാരുടെ മുന്നിൽ വച്ചാണ് ഇവർ വിഷ്ണുവിനെ മർദ്ദിച്ചത്. പരിക്കേറ്റ വിഷ്ണു കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. ഇതു സംബന്ധിച്ച് വിഷ്ണു കുമളി പൊലീസിൽ പരാതി നൽകി.
സംസ്ഥാനത്ത് ഹർത്താലിന് സമാനമായി മാറിയ പൊതുപണിമുടക്കിൽ പരക്കെ അക്രമസംഭവങ്ങൾ അരങ്ങേറിയതായാണ് റിപ്പോർട്ട്. ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന കേന്ദ്രവും സമരാനുകൂലികൾ ഭീഷണിപ്പെടുത്തി പൂട്ടിച്ചു. കെഎസ്ആർടിസി ജീവനക്കാർ ഉൾപ്പെടെയുളളവർക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |