ആലപ്പുഴ: 'വി.എസ് എത്തുമ്പോൾ ഞങ്ങളിവിടെ ഉണ്ടാകണം. ഒരുനോക്ക് കാണണം'. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ പി. കൃഷ്ണപിള്ള സ്മാരകത്തിൽ, തങ്ങളുടെ സ്നേഹസാമീപ്യമായിരുന്ന വി.എസിനെ കാണാൻ എത്തിയവർ ഒരേ സ്വരത്തിൽ പറഞ്ഞു. രാവിലെ 9ന് ഇവിടെ പൊതുദർശനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വിലാപയാത്ര എത്തിച്ചേർന്നത് വൈകിട്ട് 3.04ന്. അപ്പോഴേക്കും പ്രിയസഖാവിനെ കാണാൻ മഴയെ അവഗണിച്ചും കാത്തുനിന്ന ജനസാഗരത്തിൽ നിന്ന് ഇടമുറിയാതെ മുദ്രാവാക്യം വിളി ഉയർന്നു. 'ആരുപറഞ്ഞു മരിച്ചെന്ന്, ഞങ്ങളിലൂടെ ജീവിക്കും..'
ജില്ലാ ഓഫീസിന്റെ നടുത്തളത്തിൽ ഭൗതികശരീരം 3.22ന് പൊതുദർശനത്തിന് വച്ചു. അപ്പോഴേക്കും തിരക്ക് നിയന്ത്രണാതീതമായി. വി.എസിനെ കാണാൻ അവസരം ലഭിക്കാത്തവർക്ക് റിക്രിയേഷൻ ഗ്രൗണ്ടിൽ അവസരമുണ്ടാകുമെന്ന് പലയാവർത്തി അനൗൺസ്മെന്റ് ഉണ്ടായി. അപ്പോഴും തിരക്കിന് ഒരു കുറവുമുണ്ടായില്ല. സമയം 5.45. ഏറെക്കാലം തന്റെ പ്രവർത്തന മണ്ഡലമായിരുന്ന ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് വി.എസ് പടിയിറങ്ങി, അവസാനമായി..
രാവിലെ പത്തുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയിരുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 10.30ന് എത്തി. 3.30ന് അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു.
എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്രിമാരായ വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ, എം.ബി.രാജേഷ്, പി.രാജീവ്, വി.ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, കെ.എൻ.ബാലഗോപാൽ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബിമൽ ബസു, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എം.എൽ.എമാരായ കെ.കെ.ശൈലജ, മാത്യു കുഴൽനാടൻ, ജിനേഷ് കുമാർ, റോജി എം.ജോൺ, അൻവർ സാദത്ത്, കെ.ടി.ജലീൽ, അനൂപ് ജേക്കബ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ, ജോസ് കെ.മാണി, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, സി.പി.എം നേതാക്കളായ എസ്.രാമചന്ദ്രൻ പിള്ള, വിജുകൃഷ്ണൻ, എ.കെ.ബാലൻ, പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, എ.സി.മൊയ്തീൻ, വൈക്കം വിശ്വൻ, സി.കെ.ശശീന്ദ്രൻ, പി.ശശി, എം.വി. ജയരാജൻ, പി.കെ.ബിജു, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.പി.അനിൽകുമാർ, ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖല മെത്രാപ്പൊലീത്ത ഡോ.ഏലിയാസ് മാർ അത്താനാസിയോസ്, പി.സി.ജോർജ്, കെ.സി.ജോസഫ്, ശോഭന ജോർജ്, ലതിക സുഭാഷ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |