കൊച്ചി: കൊച്ചിയിലെ പ്രമുഖ ക്യാൻസർ ചികിത്സാ വിദഗ്ദ്ധനെയും കുടുംബത്തെയും വധിക്കുമെന്ന ഗൂഢസംഘത്തിന്റെ ഭീഷണിക്കത്ത് സൈബർ തട്ടിപ്പിനുള്ള ശ്രമമെന്ന് സംശയം. കത്തിലെ ആരോപണങ്ങൾ വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും കത്തിലുണ്ടായിരുന്ന ബിറ്റ് കോയിൻ ലിങ്ക്, ക്യൂ.ആർ. കോഡ് എന്നിവയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെന്നും പൊലീസ് അറിയിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം.
നിരവധിപ്പേർക്ക് തട്ടിപ്പുകാർ ഈവിധം കത്ത് അയച്ചിട്ടുണ്ടാകാമെന്നും ചിലരെങ്കിലും തട്ടിപ്പിൽ വീണുകാണുമെന്നും സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന് ഗൂഢസംഘം അയച്ച കത്ത് 17നാണ് ഡോക്ടർക്ക് ലഭിച്ചത്. ചികിത്സാപ്പിഴവുമൂലം ഒരു പെൺകുട്ടി മരിച്ചെന്നും ഇതിനു പിന്നാലെ കുട്ടിയുടെ മാതാവ് ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം.
മോചനദ്രവ്യമായി 8.25 ലക്ഷം രൂപ നൽകണമെന്നും മേയ് 30ന് വധിക്കുമെന്നുമായിരുന്നു ഭീഷണി. കത്ത് അയച്ച പോസ്റ്റ് ബോക്‌സ് നമ്പറുള്ള മുംബയിൽ പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി പൊലീസ് അന്വേഷണം നടത്തിയേക്കും.
10,000 യു.എസ് ഡോളർ കണക്കാക്കിയാണ് തട്ടിപ്പുകാർ 8.25 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നാണ് കരുതുന്നതെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ദ്ധൻ നന്ദകുമാർ കിഷോർ പറഞ്ഞു.
സാധാരണ ഭീഷണിക്കത്തുകളിൽ ഈവിധം ലിങ്കുകളോ ക്യു.ആർ. കോഡോ ചേർക്കാറില്ല. ഇത്തരം ലിങ്കുകളുടെ ആഴത്തിലേക്ക് പൊലീസിന് പോകാനും പിന്നിലുള്ളവരെ കണ്ടെത്താനുമാകും. ബുദ്ധിമുട്ടേറിയ ദൗത്യമാണത്. വ്യാജ ഐ.ഡി ഉപയോഗിച്ച് നിർമ്മിച്ച അക്കൗണ്ടിന്റെ ലിങ്കായിരിക്കാം കത്തിലുണ്ടായിരുന്നതെന്ന് കരുതാമെന്നും നന്ദകുമാർ കിഷോർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |