ഇടുക്കി: അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരായ അന്വേഷണത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ജില്ലയിലെ രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റുകളെ സ്ഥലംമാറ്റി. ഒരാളെ മലപ്പുറത്തേക്കും മറ്റൊരാളെ കോട്ടയത്തേക്കുമാണ് സ്ഥലംമാറ്റിയത്. എന്നാൽ, സംസ്ഥാനവ്യാപകമായുള്ള സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ടവരാണിവരെന്നും മറ്റുതരത്തിലുള്ള ആരോപണങ്ങൾ ശരിയല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
സി.വി.വർഗീസിന്റെ മരുമകൻ അനധികൃതമായി പാറപൊട്ടിച്ചെന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഒക്ടോബറിൽ ജില്ലാ ജിയോളജിസ്റ്റിനെയും സ്ഥലംമാറ്റിയിരുന്നു. അതേസമയം, ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി പാറപൊട്ടിച്ചെന്ന് ആരോപണമുയർന്ന തങ്കമണി, ഉപ്പുതോട് വില്ലേജുകളിലെ റോഡുകളും പാറമടകളും സബ്കളക്ടർ അനൂപ് ഗാർഗിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.
പല സ്ഥലങ്ങളിലും റോഡ് നിർമ്മാണത്തിന് ആവശ്യമായതിലധികം പാറ പൊട്ടിച്ചെന്ന് ബോദ്ധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. നടപടിയെടുക്കാൻ പൊലീസിന് കത്ത് നൽകി. അനധികൃത ഖനനം നടന്ന കൂടുതൽ വില്ലേജുകളിലും വരുംദിവസങ്ങളിൽ പരിശോധന നടത്തിയേക്കും.
പിന്നിൽ ഗൂഢാലോചന: സി.പി.എം
പേര് വയ്ക്കാത്ത വ്യാജ പരാതിയിന്മേൽ സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ നടത്തുന്ന അന്വേഷണത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പാർട്ടി ജില്ലാനേതൃത്വം ആരോപിച്ചു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു. പാർട്ടിയെ അപകീർത്തിപ്പെടുത്താനും ജില്ലാ സെക്രട്ടറിയെ വ്യക്തിഹത്യ ചെയ്യാനുമാണ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയത്. ബാഹ്യശക്തികളുടെ ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |