ആലപ്പുഴ: കുട്ടനാട് നീലമ്പേരൂരിൽ കൊയ്ത്ത് യന്ത്രം കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ നെൽക്കറ്റകൾ പാടത്ത് കൂട്ടിയിട്ട് കത്തിച്ചു. രണ്ടാം കൃഷിക്ക് വിളവിറക്കാനും കൊയ്ത്തിനും ഉൾപ്പടെ ആറുലക്ഷത്തിലധികം രൂപയുടെ കടബാദ്ധ്യതയ്ക്കിരയായ നീലമ്പേരൂർ ഈര തൊടികയിൽ സോണിച്ചനാണ് വിഷുദിനത്തിൽ ഇത് ചെയ്തത്.
നീലമ്പേരൂരിലെ മൂന്നുപാടങ്ങളിലായി 15 ഏക്കറിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി പാട്ടക്കൃഷിചെയ്യുന്നയാളാണ് സോണിച്ചൻ. പൂക്കോടി പാടത്തെ കൃഷിയുടെ വിളവെടുപ്പിന് യഥാസമയം കൊയ്ത്ത് യന്ത്രം ലഭിക്കാതെ വന്നതാണ് സോണിച്ചന് ഇരുട്ടടിയായത്. മാർച്ച് 20നാണ് കൊയ്ത്ത് തീരുമാനിച്ചിരുന്നത്. ഇതിനായി യന്ത്രം ബുക്ക് ചെയ്തെങ്കിലും രേഖാമൂലം എഗ്രിമെന്റുണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്ക് ശേഷമാണ് യന്ത്രമെത്തിയത്.
ഇതിനിടെ വേനൽമഴയിൽ പാടത്ത് വെള്ളം നിറഞ്ഞതോടെ കൊയ്ത്ത് മുടങ്ങി. തുടർന്ന് 25 ആളുകൾക്ക് ആയിരം രൂപ വീതം കൂലിനൽകി കൊയ്ത്ത് നടത്തിയ സോണിച്ചൻ പതിനായിരത്തോളം രൂപ വേറെ നൽകി നെൽക്കറ്റകൾ റോഡരികിലെത്തിച്ചെങ്കിലും മെതിക്കാനും യന്ത്രം ലഭിക്കാതായതോടെ കൊയ്തെടുത്ത കറ്റകൾ കിളിർത്തു. വൈക്കോലും ചീഞ്ഞളിഞ്ഞതോടെ മെതിയ്ക്കലും മുടങ്ങി. ആഴ്ചകൾ നീണ്ട അദ്ധ്വാനം ഒറ്റ നിമിഷംകൊണ്ട് നശിക്കുന്നത് താങ്ങാനാവതെയാണ് സോണിച്ചൻ കഴിഞ്ഞദിവസം പാടത്ത് കൂട്ടിയിട്ടിരുന്ന കറ്റകൾക്ക് തീയിട്ടത്. ശേഷിച്ചവ ഉണക്കി താറാവുകൾക്ക് തീറ്റയ്ക്ക് നൽകും.
ആറ് ലക്ഷത്തിന്റെ നഷ്ടം
പൂക്കോടി പാടത്തിന് പുറമേ പെല്ലാക്ക,തണ്ണൂക്കം പാടങ്ങളിലെ വിളവെടുപ്പിലും സോണിച്ചന് കൈപൊള്ളി. വിളമോശമായ ഇവിടെ നെല്ലിൽ പതിരും ഈർപ്പത്തോതും ഉയർന്നതിനാൽ ഉയർന്ന കിഴിവിൽ നെല്ല് മില്ലുകാർക്ക് കൊടുത്തു. പെല്ലാക്ക പാടത്ത് അഞ്ചേക്കറിലെ കൃഷിയിൽ 150-200 ക്വിന്റൽ നെല്ല് കിട്ടേണ്ടിടത്ത് 35 ക്വിന്റൽ നെല്ലാണ് ലഭിച്ചത്. വിളവ് പിഴച്ചതും കൃഷിചെലവിനത്തിലുമെല്ലാം കൂടി ആറു ലക്ഷത്തിലധികം സോണിച്ചന് നഷ്ടമായി. വർഷങ്ങളായി നെൽകൃഷി മാത്രം ചെയ്തുവരുന്ന സോണിച്ചന്റെ കുടുംബവും രോഗങ്ങളാൽ ദുരിതത്തിലാണ്. മാനസികപ്രശ്നങ്ങൾ നേരിടുന്ന ഭാര്യയും ഭിന്നശേഷിക്കാരായതിനാൽ പരസഹായം ആവശ്യമായ രണ്ട് മക്കളുമടങ്ങുന്നതാണ് സോണിച്ചന്റെ കുടുംബം.
കൃഷി വകുപ്പിന്റെയും പാഡി ഓഫീസിന്റെയും അനാസ്ഥയാണ് സോണിച്ചനെപോലുള്ള കർഷകരെ കടത്തിലേക്കും കണ്ണീരിലേക്കും തളളിവിടുന്നത്
-സോണിച്ചൻ പുളിങ്കുന്ന്,ജനറൽ സെക്രട്ടറി
നെൽകർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |