ഈരാറ്റുപേട്ട: സാമൂഹ്യ നീതിക്കായി ശബ്ദിക്കുമ്പോൾ ജാതി പറഞ്ഞെന്ന് ആക്ഷേപിച്ച് വായടപ്പിക്കാൻ നോക്കേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻപറഞ്ഞു. യോഗം മീനച്ചിൽ യൂണിയൻ ഈരാറ്റുപേട്ട പി.ടി.എം.എസ്
ഓഡിറ്റോറിയത്തിലെ ആർ.ശങ്കർ നഗറിൽ നടത്തിയ ഈഴവ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് താൻ പറഞ്ഞ ചില കാര്യങ്ങൾ മുസ്ലീം സമുദായത്തിന് എതിരാണെന്ന് വളച്ചൊടിക്കാൻ ചിലർ ശ്രമിച്ചു. താൻ മുസ്ലീം വിരോധിയോ വർഗ്ഗീയവാദിയോ അല്ല. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ മേഖലയിലടക്കം നിലനിൽക്കുന്ന അസമത്വങ്ങളെ ചൂണ്ടിക്കാണിക്കുകയും അതു പരിഹരിക്കാത്ത മുസ്ലീംലീഗിന്റെ നയങ്ങളെ തുറന്നുകാണിക്കുകയുമാണ് ചെയ്തത്. അധികാരത്തിലേറിയപ്പോഴൊക്കെ അവർ ഈഴവരാദി പിന്നാക്ക സമുദായത്തെ അവഗണിച്ചൂ. ഈ അസമത്വത്തെക്കുറിച്ച് പറയാൻ പോലും അവകാശമില്ലേ? മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കുടം പോലും തരാൻ കഴിയാത്ത ഭരണാധികാരികളുടെ സമീപനത്തെ തുറന്നു കാണിക്കുമ്പോൾ ക്രൂശിക്കാൻ ശ്രമിക്കുകയായിരുന്നു പലരും.
ലീഗിൽ പാവങ്ങൾക്ക്
ഗുണം കിട്ടുന്നില്ല
മുസ്ലിം ലീഗെന്ന പാർട്ടി കൊണ്ട് അതിലെ ചില സമ്പന്നർക്കല്ലാതെ പാവങ്ങൾക്ക് ഒരു ഗുണവും കിട്ടുന്നില്ല. ഒരമ്മയുടെ ഉദരത്തിൽ ജനിച്ചവരെയെല്ലാം സഹോദരങ്ങളായി കാണുന്ന സമത്വ സമീപനമാണ് യോഗത്തിനുള്ളത്. ആത്മീയ അടിത്തറയിൽ നിന്ന് ഭൗതിക പുരോഗതി കൈവരിക്കണമെന്നാണ് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടുള്ളത്.- വെള്ളാപ്പള്ളി പറഞ്ഞു.
യോഗ നേതൃത്വത്തിൽ മുപ്പത് വർഷം പിന്നിട്ട വെള്ളാപ്പള്ളിക്ക മീനച്ചിൽ യൂണിയന്റെ സ്‌നേഹാദരങ്ങൾ സമർപ്പിച്ചു. യൂണിയൻ വനിതാസംഘത്തിന്റെ ശാക്തേയം സ്ത്രീശക്തി ശ്രീശക്തി സമാപന സമ്മേളനവും നടന്നു.
യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് മുന്നോടിയായി എസ്.എൻ ട്രസ്റ്റ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ഇൻകംടാക്‌സ് അസിസ്റ്റന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, യോഗം കേന്ദ്രവനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ എന്നിവർ മുഖ്യ പ്രഭാഷണവും,. സജീഷ് മണലേൽ കോട്ടയം ആമുഖ പ്രഭാഷണവും നടത്തി. വൈക്കം സനീഷ് ശാന്തി ഗുരുസ്മരണ നടത്തി. യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് സ്വാഗതവും, വനിതാ സംഘം ചെയർപേഴ്‌സൺ മിനർവാ മോഹൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |