കൊച്ചി: സിനിമാരംഗത്തെ വനിതകളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിനിമ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.എം. മനോജിന്റെ ഇടക്കാല ഉത്തരവ്. സർക്കാരിന് നോട്ടീസയയ്ക്കാൻ നിർദ്ദേശിച്ച കോടതി ഹർജി 31ന് പരിഗണിക്കാൻ മാറ്റി. വിവരാവകാശ അപേക്ഷകർക്ക് ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ എഡിറ്റ് ചെയ്ത പകർപ്പ് ഇന്നലെ വൈകിട്ട് കൈമാറാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്നും തെളിവെടുപ്പിനെത്തിയവർ നൽകിയ മൊഴി രഹസ്യമായി സൂക്ഷിക്കുമെന്നുമുള്ള കമ്മിഷന്റെ ഉറപ്പിനു വിരുദ്ധമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അവർ വീണ്ടും ഭീഷണി നേരിടാൻ സാദ്ധ്യതയുണ്ടെന്നും സജിമോനുവേണ്ടി ഹാജരായ അഡ്വ. സൈബി ജോസ് കിടങ്ങൂർ വാദിച്ചു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ 'വിമൻ ഇൻ സിനിമ കളക്ടീവി"ന്റെ ആവശ്യപ്രകാരമാണ് 2017 ൽ സർക്കാർ ഹേമ കമ്മിഷനെ നിയോഗിച്ചത്. 2019 ൽ റിപ്പോർട്ട് കൈമാറിയെങ്കിലും പുറത്തുവിടാൻ സാംസ്കാരികവകുപ്പ് തയ്യാറായിരുന്നില്ല. തുടർന്ന് മാദ്ധ്യമ പ്രവർത്തകർ അടക്കം നൽകിയ അപേക്ഷയിലാണ് സ്വകാര്യതയിലേക്ക് കടക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോർട്ട് നൽകാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്.
ഹർജിക്കാരനെതിരെ സർക്കാർ വാദം
റിപ്പോർട്ട് കൈമാറുന്നതിനെ എതിർക്കുന്ന ഹർജിക്കാരൻ മറ്റാർക്കോ വേണ്ടിയാണ് സംസാരിക്കുന്നതെന്ന് വിവരാവകാശ കമ്മിഷന്റെ അഭിഭാഷകൻ എ. അജയ് വാദിച്ചു. മൊഴി നൽകിയവർ റിപ്പോർട്ട് പുറത്തുവിടുന്നതിനെ എതിർത്തിട്ടില്ല. അവർക്ക് സ്വകാര്യതാ ലംഘനമെന്ന ആശങ്കയില്ല. ഹർജിക്കാരൻ കമ്മിഷന്റെ അന്വേഷണത്തിന്റെ ഭാഗമായിരുന്നില്ല. റിപ്പോർട്ട് പുറത്തുവരുന്നത് ഹർജിക്കാരനെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി നിലനിൽക്കുന്നതല്ലെന്ന് സർക്കാരും വാദിച്ചു.
ഹർജി ചൊവ്വാഴ്ച അക്ടിംഗ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാൽ പൊതുതാത്‌പര്യ ഹർജിയായി പരിഗണിക്കാനാകില്ലെന്ന് രജിസ്ട്രി ചൂണ്ടിക്കാട്ടി. വിഷയം തന്നെയും ബാധിക്കുന്നതാണെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയതിനെ തുടർന്നാണ് ഇന്നലെ സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |