കൊച്ചി: ആദ്യമായി സിനിമയിൽ അഭിനയിച്ച രംഗം സ്ക്രീനിൽ എത്തിയില്ലെങ്കിലും ഓട്ടോഡ്രൈവർ സുലേഖ താരമായി. 'രേഖാചിത്രം" എന്ന സിനിമയിലാണ് സുലേഖ ശിവദാസൻ അഭിനയിച്ചത്. അതിന്റെ ത്രില്ലിൽ താരങ്ങൾക്കൊപ്പം സിനിമ കാണാൻ കൂട്ടുകാരെയും കൂട്ടിയിരുന്നു. സിനിമയിൽ ആ രംഗം കാണാതായതോടെ സുലേഖ വിങ്ങിപ്പൊട്ടി. അതുകണ്ട് നടൻ ആസിഫലി ആശ്വസിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ''എന്റെ ചേച്ചീ, ആകെ വിഷമമായിപ്പോയല്ലോ, സോറി കേട്ടോ, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ചഭിനയിക്കും..."" എന്ന് ആശ്വസിപ്പിക്കുന്നതും എല്ലാ സങ്കടവും മാറിയെന്ന സുലേഖയുടെ മറുപടിയും വീഡിയോയിലുണ്ട്. സിനിമയുടെ ദൈർഘ്യം കൂടിയതിനാലാണ് ചില ഭാഗങ്ങൾ ഒഴിവാക്കിയതെന്നും ആസിഫലി പറഞ്ഞു. എറണാകുളം തെക്കൻപറവൂർ സ്വദേശിയാണ് സുലേഖ.
അടുത്ത സിനിമയിൽ വേഷം നൽകുമെന്ന ആസിഫലിയുടെ ഉറപ്പും ലഭിച്ചു. ഇതേ സിനിമയിലെ കന്യാസ്ത്രീ കഥാപാത്രത്തിനായി ഡബ് ചെയ്തെങ്കിലും അതും ഒഴിവാക്കിയിരുന്നു. അതിനിടെ 'പൈങ്കിളി" എന്ന ചിത്രത്തിലെ ചെറുതല്ലാത്ത കഥാപാത്രമായ 'മമ്മി"യെ അവതരിപ്പിക്കാനും കഴിഞ്ഞു. ഈ ചിത്രം വൈകാതെ തിയേറ്ററിലെത്തും. പഞ്ചുള്ള ഡയലോഗുകളുമായാണ് മമ്മി എത്തുക.
ഒറ്റ ടേക്കിൽ ഓകെ
നാട്ടുകാരനായ ജൂനിയർ ആർട്ടിസ്റ്റ് സാബു (ഡാനി)വാണ് രേഖാചിത്രത്തിലേക്ക് വിളിച്ചത്. തയ്യൽക്കാരിയായി ആസിഫലിയോടുള്ള ഡയലോഗ് സഹിതമായിരുന്നു അവസരം. ഒറ്റടേക്കിൽ ശരിയായപ്പോൾ സംവിധായകൻ ജോഫിനും ആസിഫലിയും അഭിനന്ദിച്ചിരുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ സുലേഖ കൂലിപ്പണിയെടുത്താണ് ജീവിച്ചിരുന്നത്. പിന്നീടാണ് ഓട്ടോ വാങ്ങിയത്. ഇതിനിടെ പൂത്തോട്ട ശ്രീനാരായണ നാടക കൂട്ടായ്മയിൽ സജീവമായി. വീട്ടമ്മമാരടക്കം 20 പേരുള്ള സംഘം 20ലേറെ വേദികളിൽ അമച്വർ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ ശിവദാസനാണ് ഭർത്താവ്. മക്കൾ: അജിത്ത്, അഭിജിത്ത്.
""ഇഷ്ടനടിയായ കെ.പി.എ.സി ലളിതയുടെ ഡയലോഗുകൾ കാണാതെ പഠിക്കുന്നത് ചെറുപ്പംമുതലുള്ള ശീലമാണ്. ലളിതേച്ചി ചെയ്തതുപോലുള്ള ഒരു തമാശവേഷം സ്വപ്നമാണ്.
-സുലേഖ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |